കലോത്സവം: ഗ്രേസ് മാര്‍ക്കിന് അവസരമൊരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കുമെന്നു മന്ത്രി ഇ.പി ജയരാജന്‍.
ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ മത്സരങ്ങള്‍ നടത്തി വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ അവസരമൊരുക്കും. കലോത്സവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആര്‍ഭാടം ഒഴിവാക്കുമെന്നാണ് പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ല. ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനെതിരേയുള്ള വിമര്‍ശനങ്ങള്‍ അവര്‍ കലയെ സ്‌നേഹിക്കുന്നതുകൊണ്ടാകും. എന്നാല്‍, ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അതു വിമര്‍ശനങ്ങള്‍ക്കിടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു. 2,267 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുവെങ്കിലും കുട്ടനാട്ടില്‍നിന്നു പൂര്‍ണമായും വെള്ളമിറങ്ങാത്തതു പ്രതിസന്ധിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലയിടത്തും എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും ആവശ്യങ്ങള്‍ക്കനുസരിച്ചു കൃത്യമായി മന്ത്രിസഭാ യോഗങ്ങള്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."