കോടതി മാത്രം കണ്ടില്ല !
ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഫോട്ടോ, വിഡിയോ, ഓഡിയോ സഹിതമുള്ള തെളിവുകള്‍ പ്രചരിച്ചിട്ടും കോടതിക്ക് മാത്രം ഒന്നും ബോധ്യപ്പെട്ടില്ല. മസ്ജിദ് തകര്‍ത്തതില്‍ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങിയ പ്രമുഖരായ 32 പ്രതികള്‍ക്കുമേല്‍ ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷ പ്രചാരണം, പ്രകോപന പ്രസംഗം, ജനക്കൂട്ടത്തെ പ്രകോപിതരാക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളായിരുന്നു ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇവയൊക്കെയും തെളിവില്ലെന്നു പ്രഖ്യാപിച്ച് തള്ളുകയാണ് ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവ് ചെയ്തത്. കുറ്റം തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുപുറമെ, ഈ നേതാക്കള്‍ പള്ളി പൊളിക്കുന്നതില്‍നിന്നു കര്‍സേവകരെ തടയാന്‍ ശ്രമിച്ചെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്.
ഗൂഢാലോചന
രാമജന്മഭൂമിയിലാണ് ബാബരി മസ്ജിദ് നിലകൊള്ളുന്നതെന്നും അവിടെ ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ട് കാലങ്ങളായി ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിയ വര്‍ഗീയത അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയിലൂടെയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി 1990 സെപ്റ്റംബര്‍ 25നാണ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര തുടങ്ങിയിരുന്നത്. കൃത്യമായ ലക്ഷ്യത്തോടെ, പള്ളി പൊളിച്ച് ക്ഷേത്രം പണിയുകയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഈ രഥയാത്ര. വഴിയിലുടനീളം വര്‍ഗീയ കലാപങ്ങളുണ്ടാകാനും ഒട്ടേറെപേര്‍ മരിക്കാനും കാരണമായ ഈ രഥയാത്രയ്‌ക്കൊടുവില്‍ 1990 ഒക്ടോബര്‍ 30ന് ബിഹാറില്‍വച്ച് അദ്വാനി അറസ്റ്റിലാകുകയായിരുന്നു. അന്നു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവാണ് അദ്വാനിയെ രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം രഥയാത്ര അവസാനിച്ചെങ്കിലും പിന്നാലെ കര്‍സേവകര്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയുധങ്ങളുമായി അയോധ്യയിലേക്കു പുറപ്പെടുകയായിരുന്നു. കൃത്യമായ സംഘടനാ സംവിധാനമുപയോഗിച്ചായിരുന്നു ഈ ആളെക്കൂട്ടല്‍.
1992 ഡിസംബര്‍ ആദ്യത്തില്‍ അയോധ്യയിലേക്ക് ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും നേതൃത്വത്തില്‍ കര്‍സേവകരുടെ മാര്‍ച്ച് നടന്നു. ഇവിടെ നേതൃത്വം നല്‍കാനുണ്ടായിരുന്നത് അദ്വാനിയും ജോഷിയും ഉമാഭാരതിയുമടക്കമുള്ള നേതാക്കളായിരുന്നു. പള്ളി പൊളിക്കപ്പെടുമെന്ന് ഉറപ്പായിട്ടും അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് നടപടി സ്വീകരിച്ചില്ല. കൂട്ടുപ്രതിയായിരുന്ന വിനയ് കത്യാറിന്റെ വീട്ടില്‍ പലതവണ യോഗം ചേര്‍ന്നാണ് അദ്വാനിയും മറ്റുള്ളവരും കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. പള്ളി പൊളിക്കപ്പെടുമ്പോള്‍ നേതാക്കള്‍ കര്‍സേവകരെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്നത്തെ പൊലിസ് ഉദ്യോഗസ്ഥരടക്കം സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുന്‍കൂട്ടി ആസൂത്രണമുണ്ടായിട്ടില്ലെന്നായിരുന്നു കോടതിവിധിയിലെ കണ്ടെത്തല്‍.
ഓഡിയോ, വിഡിയോ
പ്രതികള്‍ക്കെതിരേ, പ്രത്യേകിച്ചും എല്‍.കെ അദ്വാനിക്കെതിരേ കൃത്യമായ തെളിവായിരുന്നു അദ്ദേഹം നടത്തിയ പല പ്രസംഗങ്ങളുടെയും ഓഡിയോ റെക്കോര്‍ഡുകള്‍. ഗുജറാത്തില്‍നിന്ന് അയോധ്യയിലേക്ക് അദ്ദേഹം നടത്തിയ രഥയാത്ര മുതല്‍ പള്ളി പൊളിക്കുന്നതിന്റെ തലേന്നും അന്നുമായി അയോധ്യയില്‍ തമ്പടിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍ കര്‍സേവകര്‍ക്കു പള്ളി പൊളിക്കാന്‍ നിര്‍ദേശം നല്‍കുന്നതും അവരെ ആവേശഭരിതരാക്കുന്നതും ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ തെളിവുകള്‍. എന്നാല്‍, ഓഡിയോകള്‍ വ്യക്തമല്ലെന്നായിരുന്നു ഇന്നലെ വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കിയത്. തെളിവായി ഹാജരാക്കിയ ഓഡിയോകളുടെയും വിഡിയോകളുടെയും ആധികാരികത തെളിയിക്കാനായില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
ചിത്രങ്ങള്‍
ബാബരി മസ്ജിദ് പൊളിക്കപ്പെടുന്ന സമയത്ത് അദ്വാനിയും ഉമാഭാരതിയും മുരളീമനോഹര്‍ ജോഷിയും ഒന്നിച്ച് ആഹ്ലാദിക്കുന്നതിന്റെ ചിത്രങ്ങള്‍ പരക്കെ പ്രചരിച്ചിരുന്നു. പള്ളിയുടെ മിനാരങ്ങള്‍ തകരുമ്പോള്‍ ഉമാഭാരതി ജോഷിയുടെ തോളില്‍ക്കയറി ആഹ്ലാദിക്കുന്നതും ചിത്രങ്ങളിലുണ്ടായിരുന്നു. ഈ നേതാക്കള്‍ മധുരവിതരണം നടത്തിയെന്നും സാക്ഷികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഫോട്ടോകള്‍ മാത്രം തെളിവായി എടുക്കാനാകില്ലെന്നായിരുന്നു വിധിപ്രസ്താവത്തില്‍ ജഡ്ജി വ്യക്തമാക്കിയത്.
കോടതി കണ്ടത്
ഒരുകൂട്ടം സാമൂഹികവിരുദ്ധരാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നാണ് കോടതി വിധിന്യായത്തില്‍ പറയുന്നത്. കര്‍സേവകരുടെ റാലിക്കിടെ ഇവര്‍ പള്ളി പൊളിക്കുന്നത് തടയാന്‍ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീമനോഹര്‍ ജോഷി, സാധ്വി റിതംബര, വിനയ് കത്യാര്‍, നൃത്യ ഗോപാല്‍ദാസ് തുടങ്ങിയവര്‍ ശ്രമിച്ചെന്നു കോടതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."