സമന്വയ സോഫ്റ്റ്‌വെയര്‍ ഓണ്‍: അധ്യാപക നിയമന അംഗീകാരം ഇനി വൈകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ പുനഃരാരംഭിച്ചു. ഒന്‍പത് മാസത്തിന് ശേഷമാണ് നിയമനാംഗീകാര നടപടികള്‍ പുനഃരാരംഭിക്കുന്നത്.
അധ്യാപകരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ 'സമന്വയ' സോഫ്റ്റ്‌വെയറില്‍ 'അപ്രൂവല്‍' ബട്ടണ്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ ചെയ്തുനല്‍കി.
കഴിഞ്ഞ അധ്യയന വര്‍ഷം വരെയുള്ള ഫയലുകളില്‍ ഒക്ടോബര്‍ ഏഴിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഴുവന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.
അധ്യാപക - വിദ്യാര്‍ഥി അനുപാതം ഉയര്‍ത്താനും നിയമനാംഗീകാരം വിദ്യാഭ്യാസ ഓഫിസര്‍മാരില്‍നിന്ന് മാറ്റി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനുമുള്ള തീരുമാനത്തെ തുടര്‍ന്നാണ് 'സമന്വയ'യിലെ അപ്രൂവല്‍ ബട്ടണ്‍ മാസങ്ങള്‍ക്കു മുന്‍പ് ഓഫ് ചെയ്തത്.
ഇതോടെ നിയമനം കാത്തിരുന്ന അധ്യാപകരും ഉദ്യോഗാര്‍ഥികളും പ്രതിഷേധവുമായി എത്തിയിരുന്നു. നിയമനാംഗീകാരം നിര്‍ത്തിവച്ചതിനെതിരേ അധ്യാപകരും മനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചു.
സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ തടസമായതെന്നാണ് സര്‍ക്കാര്‍ അന്ന് കോടതിയില്‍ അറിയിച്ചത്. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി അര്‍ഹതയുള്ള നിയമനങ്ങള്‍ക്ക് അടിയന്തിരമായി അംഗീകാരം നല്‍കണമെന്ന് നിര്‍ദേശം നല്‍കി.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കാനുള്ള നടപടിയിലേക്ക് കടക്കുന്നത്.
വിദ്യാര്‍ഥികള്‍ വര്‍ധിച്ചുണ്ടായ അധിക തസ്തികകളിലെ നിയമനത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസചട്ട (കെ.ഇ.ആര്‍) ഭേദഗതി അംഗീകരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും നിയമനാംഗീകാരം അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."