എന്‍. ഡി. എ കേവല ഭൂരിപക്ഷം നേടുമെന്ന് മോദി: അവകാശവാദം ആദ്യ വാര്‍ത്താസമ്മേളനത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം വീണ്ടും കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ടു വരെ എത്തിക്കാന്‍ സാധിച്ചെന്നും ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസ മ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ത്തെ വാര്‍ത്താസമ്മേളനമാണ്.
കഴിഞ്ഞ തവണ തോറ്റ 120 സീറ്റുകളില്‍ ഇക്കുറി മികച്ച പ്രകടനം കാഴ്ച വയ്ക്കും. എന്‍. ഡി. എ കേവല ഭൂരിപക്ഷം നേടുമെന്നും പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത്. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോദി മാധ്യമങ്ങളെ കാണുന്നത്. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താസമ്മേളനത്തിനെത്തുകയായിരുന്നു.
മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷായാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിച്ചത്. വിലക്കയറ്റവും അഴിമതിയും ഇല്ലാത്ത അഞ്ച് വര്‍ഷമാണ് കടന്നുപോയതെന്ന് അമിത് ഷാ പറഞ്ഞു. ആദിവാസികളുടേയും ദലിതരുടേയും സുരക്ഷ മോദി സര്‍ക്കാര്‍ ഉറപ്പാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
സ്ത്രീ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി. വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
മോദി ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരായിരുന്നു. 'ഞാനും കാവല്‍ക്കാരന്‍' പ്രചാരണം ഫലം കണ്ടുവെന്ന് പറഞ്ഞ അമിത് ഷാ, മേദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കാനാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."