കണ്ടത്തുവയല്‍ കൊലപാതകം: പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലിസ്
വെള്ളമുണ്ട (വയനാട്): കണ്ടത്തുവയലില്‍ നവദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയിട്ട് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴും തുമ്പു കണ്ടെത്താനാവാതെ പൊലിസ്. പ്രളയത്തിനിടയിലും മുടങ്ങാതെ നടന്ന അന്വേഷണത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യുകയും പല കളവ് കേസുകളുടെയും തുമ്പ് കണ്ടെത്തുകയും ചെയ്‌തെങ്കിലും ഇരട്ടക്കൊലപാതക കേസുമായി ബന്ധിപ്പിക്കുന്ന യാതൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല. കൊലപാതക ലക്ഷ്യം പോലും കൃത്യമായി നിര്‍ണയിക്കാനാവാതെയാണ് രണ്ടുമാസം പൂര്‍ത്തിയായത്. ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് രണ്ടാം ദിവസം തന്നെ കേസ് അന്വേഷണത്തിനായി മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ഇതിനോടകം കേസുമായി ബന്ധപ്പെട്ട് 200ഓളം ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ 500 ലധികം പേരെ ചോദ്യം ചെയ്തു. ഇവരില്‍ പലരെയും പൊലിസ് കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്തത്. 250ഓളം പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പരിശോധനയും, ഇരുന്നൂറിലധികം പേരുടെ കാല്‍പ്പാദ പരിശോധനയും നടത്തി. പരിസരത്തെയ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് നിരവധി വാഹനങ്ങള്‍ കണ്ടെത്തി അന്വേഷണം നടത്തി. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനായി ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി പരിശോധന നടത്തി.
ജില്ലയിലെ ഹോട്ടലുകളില്‍ താമസിച്ചവരുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് അന്വേഷണം നടത്തി. സമാന രീതിയിലുള്ള കൊലപാതകങ്ങളിലും മോഷണങ്ങളിലും ഉള്‍പ്പെട്ട കുറ്റവാളികളെ ചോദ്യം ചൈതു. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ ഒന്നും ലഭിച്ചില്ല. മറ്റു ചില തെളിയിക്കപ്പെടാത്ത കളവുകളിലെയും കുറ്റകൃത്യങ്ങളിലെയും പ്രതികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തുനിന്ന് ലഭിച്ച ഹെല്‍മെറ്റ് പരിശോധനക്കായി അയച്ചു.
പ്രളയ സമയത്ത് 28 അംഗ സംഘത്തില്‍ നിന്ന് ചിലരെ മറ്റ് ഡ്യൂട്ടികളിലേക്ക് നിയോഗിക്കുകയും ചെയ്തു. നിലവില്‍ കേസന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് പൊലിസ് തയാറാണെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുമ്പ് പല കേസുകളും തെളിയിച്ച കെ.എം ദേവസ്യയുടെ കീഴില്‍ തന്നെ അന്വേഷണം തുടരട്ടെയെന്ന അഭിപ്രായവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."