ഓണ്‍ലൈനായെത്തും കാട്ടില്‍നിന്ന്
നിലമ്പൂര്‍: ഏഷ്യയിലെ ഗുഹാനിവാസികളായ കരുളായി മാഞ്ചീരി ചോലനായ്ക്കരുടെയും കാട്ടുനായ്ക്കരുടേയും വനവിഭവങ്ങള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇനി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലേക്കും. നിലമ്പൂര്‍ അമല്‍ കോളജിലെ ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊടുവെ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ ഐ.ഇ.ഡി.സി, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ആദിവാസിമേഖലകളിലെ ഉല്‍പ്പന്ന വിപണനത്തിനും വിനോദസഞ്ചാര വികസനത്തിനും അവസരമൊരുങ്ങുന്നത്.
വിപണനം ഉള്‍പ്പെടെയുള്ളവ അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ഥികളാണ് നടത്തുക. തേന്‍, കാട്ടുകിഴങ്ങുകള്‍, മുളയരി, വനവിഭങ്ങള്‍ കൊണ്ടുള്ള അച്ചാറുകള്‍, കാട്ടുമാങ്ങ, കാട്ടുനെല്ലിക്ക, പച്ച മരുന്നുകള്‍, തേന്‍, കാട്ടുമഞ്ഞള്‍, ഔഷധകൂട്ടുകള്‍, മെഴുകു കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, ദാഹശമനികള്‍, റാഗി, ചോളം മുതലായ പരമ്പരാഗത ധാന്യങ്ങള്‍ മുളയുല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നത്.
ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ഉറപ്പാക്കുകയും വിപണിയിലെ ചൂഷണങ്ങള്‍ അവസാനിപ്പിച്ച് മികച്ചലാഭം നേടിയെടുക്കുകയും അതിലൂടെ ഗ്രാമീണ മേഖലയിലെ ജീവിതനിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യപടിയായി 'ജ്യോനുറക്' എന്ന പേരില്‍ കാട്ടുതേന്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിന് പുറമേ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ ഭാഗമായി ആദിവാസി മേഖലകളില്‍ സര്‍ക്കാര്‍ സഹായത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട പ്രൊജക്റ്റ് റിപ്പോര്‍ട്ടും ഇതോടൊപ്പം തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."