മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച
കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാസംഘം മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടില്‍ നിന്ന് 25 പവനും പണവും ഉള്‍പ്പെടെ കവര്‍ന്നു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ വീട്ടിലാണ് സംഭവം.
താഴെചൊവ്വ ഉരുവച്ചാല്‍ റെയില്‍വേ ഗേറ്റിനടുത്ത വാടക വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. വലിയ മരക്കഷ്ണം ഉപയോഗിച്ച് വാതില്‍ തകര്‍ത്താണു സംഘം വീടിനകത്തു കടന്നത്. ശബ്ദംകേട്ട് വിനോദ്ചന്ദ്രന്‍ എഴുന്നേറ്റ് ലൈറ്റിടുന്നതിനിടെ സംഘം അടിച്ചുവീഴ്ത്തി.
ശബ്ദംകേട്ടെത്തിയ ഭാര്യ സരിതയെയും ആക്രമിച്ചു. തുടര്‍ന്നു വായയില്‍ തുണിതിരുകി ഇരുവരെയും കെട്ടിയിട്ടു. എഴുന്നേറ്റ് ലൈറ്റിടാന്‍ ശ്രമിക്കവെ വീണ്ടും ആക്രമണമുണ്ടായി. തുടര്‍ന്നു വീട്ടിലെ അലമാരയും മറ്റും തുറന്ന് സ്വര്‍ണവും മക്കളുടെ ഫീസ് അടയ്ക്കാന്‍വച്ച 15,000 രൂപയും മൂന്നു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും എ.ടി.എം കാര്‍ഡുകളും കവര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെയാണു സംഘം മടങ്ങിയത്. ഇതിനുശേഷം ഏറെ പണിപ്പെട്ട് കെട്ടഴിച്ച വിനോദ് ചന്ദ്രന്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം വിനോദും സരിതയും വീട്ടില്‍ ബന്ദിയാക്കപ്പെട്ടു.
സമീപത്തുള്ള മാടായി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി പണിക്കരുടെ മകളുടെ പൂട്ടിയിട്ട വീട്ടിലും മോഷണസംഘം കയറിയിരുന്നു. ഇവിടെ നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ സമീപത്തെ വിനോദിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നുവെന്നാണു പൊലിസ് നിഗമനം. കഴുത്തിനും മുഖത്തും പരുക്കേറ്റ വിനോദിനെയും സരിതയെയും എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടാലിലെ ഓഫിസില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി പന്ത്രണ്ടോടെയായിരുന്നു വിനോദ് വീട്ടിലെത്തിയിരുന്നത്. ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിച്ച മോഷ്ടാക്കള്‍ സഹകരിക്കണം എന്ന് ഇടയ്ക്കിടെ ഇംഗ്ലിഷില്‍ പറഞ്ഞതായും വിനോദ് പൊലിസിനു മൊഴിനല്‍കി. വീടിനു സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി കാമറയില്‍ മോഷണസംഘം എത്തിയെന്നു കരുതുന്ന ഇന്‍ഡിക്ക കാറിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചതായും മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലിസ് പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള കാസര്‍കോട് എസ്.പി ഡോ. ശ്രീനിവാസന്‍, ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സജേഷ് വാഴവളപ്പില്‍, എസ്.എസ്.ബി ഡിവൈ.എസ്.പി പ്രദീപന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."