ബാബരി വിധി പ്രമുഖരുടെ പ്രതികരണം
നീതിന്യായ വ്യവസ്ഥയുടെ
സമ്പൂര്‍ണ പരാജയമെന്ന് സുധീരന്‍
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സി.ബി.ഐ കോടതിവിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രാഷ്ട്രീയ യജമാനന്മാര്‍ക്ക് ദാസ്യവേല ചെയ്യാതെ ഇനിയെങ്കിലും നീതിപൂര്‍വം പ്രവര്‍ത്തിക്കാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാനും സി.ബി.ഐ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
രാജ്യം കാവിവല്‍ക്കരിക്കപ്പെട്ടപ്പോള്‍
സംഭവിച്ച ദുരന്തം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോകം മുഴുവന്‍ തത്സമയം കണ്ട ബാബരി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡിഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യം കാവിവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീലിന് പോകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
നിര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട കോടതിവിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ ജുഡിഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസംപോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി. മതനിരപേക്ഷതക്കും നമ്മുടെ നാടിന്റെ മഹാസംസ്‌കൃതിക്കുമേറ്റ കനത്ത പ്രഹരമാണ് കോടതിവിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്പീലിന് പോകണം: ചെന്നിത്തല
തിരുവനന്തപുരം: വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി വിധിച്ചതാണ്. ബാബരി മസ്ജിദ് തകര്‍ക്കലിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. ഈ വിധിക്കെതിരേ സി.ബി.ഐ അപ്പീലിന് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജനാധിപത്യവാദികളെ
ഞെട്ടിപ്പിക്കുന്നത്: കോടിയേരി
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വിട്ടയച്ച കോടതിവിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യമാണ് കോടതി വിധി ഉയര്‍ത്തുന്നത്. നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം പൗരന് നിലനിര്‍ത്താനെങ്കിലും സി.ബി.ഐ ഉടന്‍ അപ്പീല്‍ നല്‍കണമെന്നും അതിനായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."