കോണ്‍ഗ്രസിന്റെ നിറംമങ്ങിപ്പോയ മതേതര മുഖം
ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ ക്ഷേത്രം പണിയല്‍ ദീര്‍ഘകാല അജന്‍ഡയായിരുന്നു സംഘ്പരിവാറിന്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ തന്നെ അതിനുള്ള കരുനീക്കങ്ങള്‍ അവര്‍ ആരംഭിച്ചിരുന്നു. സംഘ്പരിവാറിന്റെ രാഷ്ട്രീയ മുഖമായിരുന്ന ജനസംഘത്തിന് രാജ്യത്തിന്റെ അധികാരം സ്വപ്നം കാണാന്‍ മാത്രമാവുന്ന കാലമായിരുന്നു അതെങ്കിലും ആസൂത്രിത നീക്കങ്ങളിലൂടെയും ഇടപെടലുകളിലൂടെയും അവര്‍ മുന്നോട്ടുപോകുക തന്നെ ചെയ്തു.
ഹിന്ദുത്വ വോട്ട് ബാങ്കിന്റെ സമ്മര്‍ദത്താലോ മറ്റോ ആവാം, അക്കാലത്ത് രാജ്യം അടക്കിവാണിരുന്ന കോണ്‍ഗ്രസില്‍നിന്ന് സംഘ്പരിവാറിന്റെ നീക്കത്തിന് ഒട്ടും ചെറുതല്ലാത്ത സഹായം ലഭിക്കുക കൂടി ചെയ്തതോടെയാണ് ആ നീക്കം പുരോഗമിച്ചത്.
ബാബരി മസ്ജിദ് ലക്ഷ്യംവച്ചുള്ള സംഘ്പരിവാറിന്റെ ഓരോ നീക്കത്തിലും അതിനെതിരേ അധികാരം പ്രയോഗിക്കാതെ കോണ്‍ഗ്രസ് കാഴ്ചക്കാരന്റെയോ അല്ലെങ്കില്‍ ഒത്താശക്കാരന്റെയോ റോള്‍ വഹിച്ച സന്ദര്‍ഭങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധിയാണ്. ഈ വിഷയത്തില്‍ ശക്തമായ മതേതര നിലപാടു സ്വീകരിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പോലും പാര്‍ട്ടിയിലെ ഈ ഹിന്ദുത്വാനുകൂല ചാഞ്ചാട്ടത്തില്‍ നിസ്സഹായനായി മാറുകയായിരുന്നു പലപ്പോഴും.
ബാബരി മസ്ജിദില്‍ സംഘ്പരിവാര്‍ ഇടപെടലിന്റെ തുടക്കമുണ്ടായത് 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി മസ്ജിദില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചായിരുന്നു. ഇതു പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിയൊരുക്കിയെങ്കിലും ആവശ്യമായ പൊലിസ് സന്നാഹമൊരുക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകൂടം തയാറായില്ല.
പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ പൊലിസ് പള്ളി പൂട്ടി മുദ്രവയ്ക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതാവായ ഗോവിന്ദ വല്ലഭ പന്തായിരുന്നു അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ അറിവോടെയാണ് പള്ളിക്കു നേരെ കൈയേറ്റമുണ്ടായതെന്ന് അന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അഭ്യര്‍ഥിച്ചിട്ടു പോലും ഫലമുണ്ടായില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ പന്തിനെതിരേ വിമര്‍ശനമുയര്‍ന്നിട്ടും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാന്‍ പോലും പാര്‍ട്ടിയുടെ ദേശീയ നേതൃത്വം മടിച്ചു.
ഏറെക്കാലത്തിനു ശേഷം 1985 ഡിസംബര്‍ 19ന് അന്നത്തെ യു.പി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വീര്‍ ബഹാദൂര്‍ സിങ് അയോധ്യ സന്ദര്‍ശിക്കുകയും വിശ്വഹിന്ദു പരിഷത്തിന്റെ ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ സംഘ്പരിവാര്‍ നീക്കത്തോടുള്ള കോണ്‍ഗ്രസിന്റെ അനുഭാവം ഏറെക്കുറെ മറനീക്കി പുറത്തുവരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉമേഷ് പാണ്ഡെ എന്ന അഭിഭാഷകന്‍ പൂട്ടിക്കിടക്കുന്ന കെട്ടിടം പൂജകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ഹരജി സ്വീകരിക്കുകയും പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. രാജീവ് ഗാന്ധി മന്ത്രിസഭയിലെ അംഗവും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയുമായിരുന്ന അരുണ്‍ നെഹ്‌റുവാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.
അലഹബാദ് ഹൈക്കോടതി തര്‍ക്കസ്ഥലമെന്ന് നിരീക്ഷിച്ച സ്ഥലത്ത് 1989 നവംബര്‍ 10ന് രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടന്നത് കേന്ദ്ര സര്‍ക്കാരിന്റെയും യു.പി സര്‍ക്കാരിന്റെയും മൗനാനുവാദത്തോടെയായിരുന്നു. രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയം കൂടിയായിരുന്നു അത്. ശിലാന്യാസം നടന്ന് മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പ് ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെത്തി. സമാധാനപരമായ ശിലാന്യാസത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനാണെന്ന് രാജീവ് ഗാന്ധി പ്രസംഗിച്ചതോടെ സംഘ്പരിവാര്‍ നീക്കത്തിനുള്ള കോണ്‍ഗ്രസിന്റെ പിന്തുണ വ്യക്തമാവുകയായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെയും രാജീവിനെയും ഏറെ പ്രശംസിച്ച ധര്‍മസ്ഥാന്‍ മുക്തിയജ്ഞ സമിതിയുടെ അധ്യക്ഷന്‍ മഹന്ത് അവൈദ്യനാഥ് പറഞ്ഞത് ബി.ജെ.പി കഴിഞ്ഞാല്‍ തങ്ങളുടെ തൊട്ടടുത്ത സുഹൃത്ത് കോണ്‍ഗ്രസ് ആണെന്നായിരുന്നു.
പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത്. ഇതിനായി വിപുലമായ തയാറെടുപ്പുകള്‍ നടന്നിട്ടും അതു തടയാനാവശ്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാതെ പോയത് ആസൂത്രിതമായ പിന്തുണയായി തന്നെ വിലയിരുത്തപ്പെട്ടു.
പില്‍ക്കാലത്ത് എല്‍.കെ അദ്വാനി എഴുതിയ ആത്മകഥയില്‍ നരസിംഹറാവു നല്‍കിയ പിന്തുണയെ നന്ദിപൂര്‍വം സ്മരിക്കുക കൂടി ചെയ്തതോടെ ഇതു കൂടുതല്‍ വെളിപ്പെട്ടു. റാവുവിന്റെ ആര്‍.എസ.്എസ് പശ്ചാത്തലമാണ് ഇതിനു പ്രേരണയായതെന്നും അദ്വാനി ആത്മകഥയില്‍ പറഞ്ഞിരുന്നു.
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും അരങ്ങേറിയ വര്‍ഗീയ കലാപങ്ങളോട് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനവും ഏറെ വിമര്‍ശനവിധേയമായിരുന്നു. കേന്ദ്രത്തിലെയും ചില സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കലാപങ്ങളെ നേരിടാന്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ല.
1993 ജനുവരിയില്‍ മുംബൈ നഗരത്തില്‍ വീണ്ടുമുണ്ടായ വര്‍ഗീയ കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീകൃഷ്ണ കമ്മിഷന്റെ റിപ്പോര്‍ട്ട് 1999 സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലെ ബി.ജെപി- ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തള്ളിക്കളഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ കോണ്‍ഗ്രസിനായില്ല. ഇങ്ങനെ ഏറ്റവും വലിയ മതേതരകക്ഷിയെന്ന നിലയില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും മറ്റു മതേതരവിശ്വാസികളുമെല്ലാം ഏറെ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസിന്റെ മതേതര മുഖച്ഛായയ്ക്ക് പലതവണ മങ്ങലേല്‍പിച്ച സംഭവവികാസങ്ങളാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."