'മകളെ രക്ഷിക്കൂ എന്നല്ല, വസ്തുത മറച്ച് അധികാരം രക്ഷിക്കൂ എന്നാണ് ബി.ജെ.പിയുടെ മുദ്രാവാക്യം'- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍
ലഖ്നൗ: ഹത്രാസ് ബലാത്സംഗക്കൊലയില്‍ യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും.
പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതല്ല വസ്തുത മറച്ചു വെച്ച് അധികാരം രക്ഷിക്കുന്നതാണ് യോഗിയുടെ കാട്ടുനിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'യു.പിയില്‍ നടക്കുന്ന ജംഗിള്‍രാജില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ശിക്ഷ തുടരുകയാണ്. ജീവിക്കാനുള്ള അവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. മരിച്ചുകഴിഞ്ഞശേഷം മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മകളെ രക്ഷിക്കൂ എന്നല്ല, വസ്തുത മറച്ച് അധികാരം രക്ഷിക്കൂ എന്നാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം തുറന്നടിച്ചു.
ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുലും ഇന്ന് പോകുന്നുണ്ട്. പതിനൊന്ന് മണിയോടെയാണ് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടിലെത്തുക.
അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് ഡി.എം പ്രവീണ്‍ കുമാര്‍ ലക്സാര്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്നും മാധ്യമങ്ങളെ അനുവദിക്കില്ലെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖറിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് യോഗി പൊലിസ്.
അതിനിടെ ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതങ്കലിലാക്കിയിട്ടുണ്ട്.
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."