അവര്‍ക്കിനി എം.ടിയുടെ പുസ്തകങ്ങള്‍ വായിക്കാം
കോഴിക്കോട്: പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അധിക വായനയ്ക്കായി പുസ്തകങ്ങള്‍ നല്‍കി എം.ടി വാസുദേവന്‍ നായരും. സംസ്ഥാന സര്‍ക്കാരിന്റെ പുസ്തക വിതരണ സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക് മാര്‍ക്ക് തുടങ്ങിയ പുസ്തക ശേഖരണത്തിലേക്കാണ് എം.ടി തന്റെ കൃതികള്‍ നല്‍കിയത്. കേരള സ്റ്റേറ്റ് ബുക്മാര്‍ക്ക് കോഴിക്കോട് മാനേജര്‍ കെ.പി ജഗന്നാഥന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം ഗ്രന്ഥശാലാ സെക്രട്ടറി എം.എ ജോണ്‍സണ്‍, എം. ജാഫര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അധ്യാപകദിനത്തില്‍ അധ്യാപക ദമ്പതിമാരായ സാഹിത്യകാരി പി. വത്സലയും ഭര്‍ത്താവ് അപ്പുട്ടി മാഷും ചേര്‍ന്ന് ബുക് മാര്‍ക്കിന് 'നെല്ല് ' എന്ന പ്രശസ്ത നോവല്‍ ഉള്‍പ്പെടെ അവരുടെ എല്ലാ കൃതികളും കൈമാറി. കൂടാതെ സാഹിത്യകാരന്മാരായ യു.എ ഖാദര്‍, പി.കെ ഗോപി, ഡോ. കെ. ശ്രീകുമാര്‍ തുടങ്ങിയവരും തങ്ങളുടെ കൃതികള്‍ പുസ്തകശേഖരണത്തിലേക്കു നല്‍കി. കോഴിക്കോട്ടെ സാഹിത്യകാരികളുടെ കൂട്ടായ്മയായ 'ശക്തി' ശേഖരിച്ച പുസ്തകങ്ങളും കൈമാറി.
പുസ്തക പ്രസാധകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യക്തികള്‍ ബുക്മാര്‍ക്കിന്റെ ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ബുക് മാര്‍ക്ക് ശാഖകളിലും പുസ്തകങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മാവൂര്‍ റോഡ് നൂര്‍ കോംപ്ലക്‌സിലുള്ള ബുക്മാര്‍ക്ക് ശാഖയില്‍ 10നു മുന്‍പായി താല്‍പര്യമുള്ളവര്‍ക്കു പുസ്തകങ്ങള്‍ നല്‍കാം. ശേഖരിച്ച പുസ്തകങ്ങള്‍ ബുക് മാര്‍ക്ക് വിവിധ സ്‌കൂളുകളിലെ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."