ടാക്‌സികളില്‍ 31നകം ജി.പി.എസ് ഘടിപ്പിക്കണം
കല്‍പ്പറ്റ: ടാക്‌സികളില്‍ 31നകം ജി.പി.എസ് ഘടിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്.
ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം അധിഷ്ഠിത നിരീക്ഷണ സംവിധാനം ഘടിപ്പിക്കാത്ത ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതോടെ അരലക്ഷംരൂപ പോലും വിപണി വിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വില വരുന്ന ജി.പി.എസ് ഘടിപ്പിക്കേണ്ടതിലുള്ള ആശങ്കയിലാണ് ടാക്‌സി തൊഴിലാളികള്‍.
ഒരു വര്‍ഷം മാത്രം വാറന്റിയുള്ള ജി.പി.എസ് സംവിധാനത്തിന്റെ വി.എല്‍.ടി യൂനിറ്റുകള്‍ സര്‍വിസിങ് ഇനത്തിലും ബാധ്യതയാകുമെന്നാണ് തൊഴിലാളികളുടെ പരാതി. പലിശക്ക് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് പലരും ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.
വാഹന ഉടമകള്‍ തന്നെയാണ് ടാക്‌സി ഡ്രൈവര്‍മാരിലധികവും. 2014ന് ശേഷം നിരത്തിലിറങ്ങിയ ടാക്‌സി വാഹനങ്ങള്‍, നേരത്തേ അടച്ച അഞ്ചുവര്‍ഷത്തേക്കുള്ള നികുതിക്കുപുറമേ പലിശസഹിതം അടുത്ത 10 വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതികൂടി അടയ്‌ക്കേണ്ടതുണ്ട്. പ്രതിവര്‍ഷ ഇന്‍ഷുറസ് പ്രീമിയത്തിലും വര്‍ധനവുണ്ടായിരിക്കെയാണ് ഇപ്പോള്‍ ജി.പി.എസ് സംവിധാനവും നിര്‍ബന്ധമാക്കുന്നത്. ഈമാസം 31നകം ജി.പി.എസ് ഘടിപ്പിക്കാമെന്ന് കാണിച്ച് സാക്ഷ്യപത്രം ഹാജരാക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, അതിനുശേഷവും ജി.പി.എസ് ഘടിപ്പിക്കാത്തവയുടെ ഫിറ്റ്‌നസ് പുതുക്കില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."