ബേപ്പൂര്‍ പൊലിസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്
ഫറോക്ക്: കാലപ്പഴക്കത്തില്‍ ദ്രവിച്ചുതുടങ്ങിയ കെട്ടിടത്തില്‍ നിന്ന് ബേപ്പൂര്‍ പൊലിസ് സ്റ്റേഷനു ശാപമോക്ഷം. സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറിങ്ങിയതോടെ ജീവനക്കാര്‍ ആശ്വാസത്തില്‍. തുറമുഖ വകുപ്പിന്റെ കൈവശമുള്ള 22 സെന്റ് ഭൂമിയാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി പൊലിസ് വകുപ്പിനു നല്‍കുന്നത്. തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ പൊലിസ് സ്റ്റേഷന്‍ നിര്‍മാണം നടത്തണമെന്ന വ്യവസ്ഥയിലാണ് ഭൂമി കൈമാറ്റം. തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലബാറിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബേപ്പൂരിലെ പൊലിസ് സ്റ്റേഷന്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ഈ ദുരവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. വനിതകളടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ജോലിചെയ്യുന്നത്.
ഇടുങ്ങിയ മുറിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇരിക്കുമ്പോള്‍ സമീപത്തെ കംപ്യൂട്ടര്‍മുറി പൂച്ചയ്ക്കും മറ്റു ജന്തുക്കള്‍ക്കുമാണ്. പ്രതികളെയും മറ്റും കൊണ്ടുവന്നാല്‍ ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കാനും സ്റ്റേഷനില്‍ സൗകര്യമില്ല. പ്രതികള്‍ക്കും വനിതാ പൊലിസുകാര്‍ അടക്കമുള്ള ഉദ്യോഗാസ്ഥര്‍ക്കും ആകെയുള്ളത് അടച്ചുറപ്പില്ലാത്ത ഒറ്റ ശുചിമുറി.
കാലപ്പഴക്കംകൊണ്ട് ദ്രവിച്ച കെട്ടിടത്തില്‍ ഇലക്ട്രിഫിക്കേഷന്‍ താറുമാറായതിനാല്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിരന്തരം കേടുവരുന്നതും പതിവാണ്. സ്റ്റേഷനിലേക്ക് കൂടുതല്‍ പേരെത്തുമ്പോള്‍ പുറത്തുള്ള ഷെഡ്ഡിലേക്കിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ്. വനിതാ പൊലിസുകാര്‍ ചില സമയങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സമീപത്തെ വീടുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
തുടക്കത്തില്‍ ബേപ്പൂര്‍ ജങ്ഷനില്‍ മൂന്ന് പീടികമുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലിസ് സ്റ്റേഷന്‍ 1990ലാണ് ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറ്റുന്നത്. പോര്‍ട്ടിന്റെ അധീനതിയലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ വേണ്ടി നീക്കിവച്ചതായിരുന്നു. പുതിയ കെട്ടിടം നിര്‍മിച്ച് അതിലേക്കു മാറാന്‍ വേണ്ടി ലീസിനെടുത്ത കെട്ടിടത്തിലാണ് കഴിഞ്ഞ 28 വര്‍ഷമായി നാടുകാക്കേണ്ട ഉദ്യോഗസ്ഥര്‍ ദുരിതം പേറി കൃത്യനിര്‍വഹണം നടത്തുന്നത്.
ലക്ഷദ്വീപ് യാത്രാകപ്പലുകള്‍, ചരക്കുകപ്പലുകള്‍ തുടങ്ങിയവയെത്തുന്ന ബേപ്പൂര്‍ തുറമുഖത്തിനു സമീപത്താണു സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഭൂമി കിട്ടിയെങ്കിലും കെട്ടിടനിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പൊലിസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി 85 ലക്ഷം രൂപയുടെ പ്രൊജക്ട് സര്‍ക്കാറിലേക്ക് ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നാണു വിവരം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷനു രൂപരേഖ തയാറാക്കിയിരിക്കുന്നത് എന്‍.ഐ.ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."