മാവൂരില്‍ പ്രളയബാധിതര്‍ക്കുള്ള ആനുകൂല്യം തടഞ്ഞു
മാവൂര്‍: മാവൂരില്‍ വെള്ളപ്പൊക്ക ദുരിതബാധിതരായ നിരവധി പേരെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കി. മാവൂര്‍ പൂളക്കോട്, മണന്തലക്കടവ്, പുലപ്പാടി, ചിറ്റടി ഭാഗങ്ങളില്‍ അന്‍പതോളം കുടുംബങ്ങളും തെങ്ങിലക്കടവ്, ആയംകുളം, കല്‍പ്പള്ളി, കുറ്റിക്കടവ്, ഊര്‍ക്കടവ്, ചെറൂപ്പ, കുനിയകടവ്, മുഴാപ്പാലം, കണ്ണിപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായ വീടുകളടക്കം നിരവധി കുടുംബങ്ങളെയുമാണ് ആനുകൂല്യം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ഇവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചത് ഫയര്‍ഫോഴ്‌സും കേന്ദ്രസേനയും രക്ഷാപ്രവര്‍ത്തകരുമായിരുന്നു. വീട് പൂര്‍ണമായും മുങ്ങിയില്ലെന്ന നിസാരകാര്യങ്ങള്‍ പറഞ്ഞാണ് അധികൃതര്‍ ആനുകൂല്യം തടയുന്നത്. നാലു ദിവസത്തോളം വെള്ളത്തിന്നടിയിലായ വീട്ടുകാര്‍ക്കു പോലും ആനുകൂല്യം തടഞ്ഞിട്ടുണ്ട്. ഇരുനില വീടിന്റെ ഒരുനിലമാത്രമേ മുങ്ങിയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.
ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളുടെ ലിസ്റ്റ് റവന്യൂ അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും വീടിനു കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്കു പോലും ആനുകൂല്യം തടഞ്ഞിരിക്കുകയാണ്.
ആനുകൂല്യത്തില്‍ നിന്നുള്ള അന്തിമ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ തഹസില്‍ദാര്‍ക്ക് നേരിട്ടു പരാതി നല്‍കണമെന്നാണു പുതിയ നിര്‍ദേശം. അതേസമയം വെള്ളത്തിനടിയിലായ ദുരിതബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."