നെയ്യാര്‍ റിസര്‍വോയര്‍ വറ്റിവരണ്ടു; വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു
നെയ്യാറ്റിന്‍കര: ജലസമൃദ്ധിയുടെ പര്യായമായിരുന്ന നെയ്യാര്‍ അണക്കെട്ടിന്റെ ജലാശയങ്ങള്‍ വറ്റിവരണ്ടു. കടുവയും, പുലിയും, കാട്ടാനകളും, കാട്ടുപന്നികളും നാട്ടിലിറങ്ങി ജനങ്ങളെ വിരട്ടി ഓടിക്കുന്നു. അമ്പൂരി, പുരവിമല, അണമുഖം, ചാക്കപ്പാറ തുടങ്ങിയ റിസര്‍വോയറുകളിലെ ജലമാണ് പൂര്‍ണമായും വറ്റിയത്.
നെയ്യാര്‍ഡാമില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ഇരുപത്തിയൊന്ന് മൈലുകളോളം വ്യാപിച്ചുകിടക്കുന്ന റിസര്‍വോയറുകളിലെ ആരംഭ പ്രദേശങ്ങളാണ് വറ്റി വരണ്ടത്. എന്നാല്‍ നെയ്യാര്‍ അണക്കെട്ടില്‍ അന്‍പത് മീറ്ററോളം ജല ശേഷി നിലവിലുണ്ട്. ഇവിടെ നിന്നു തലസ്ഥാന നഗരിയിലേയ്ക്ക് എത്ര ജലമെടുത്താലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ എപ്പോഴും ജലം ആവശ്യത്തിലധികം ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത.
നെയ്യാറിന്റെ ആരംഭ ഭാഗങ്ങളില്‍ ജലം വറ്റിയതോടെ പുരവിമല, തെന്‍മല, കൊമ്പെ, കുന്നത്തുമല, കണ്ണുമാമൂട് തുടങ്ങിയ വനത്തിലെ സെറ്റില്‍മെന്റുകള്‍ കടന്ന് ഹിംസ്ര ജന്തുക്കള്‍ നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇതുവരെയും കടുവയും, പുലികളും ആരെയും ആക്രമിച്ചിട്ടില്ലായെങ്കിലും വീടിനു പുറത്തിറങ്ങുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ പലതും വന്യ മൃഗങ്ങളായിരിക്കും. മുന്‍പ് നെയ്യാറില്‍ ജലം ധാരാളം ഉണ്ടായിരുന്നപ്പോള്‍ കടുവയും, പുലിയും, കാട്ടുപന്നികള്‍ക്കൊന്നും നാട്ടിന്‍പുറങ്ങളിലേയ്ക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല.
കാട്ടിലെ ജലാശയങ്ങള്‍ മുഴുവനും വറ്റി വരണ്ടതിനെ തുടര്‍ന്ന് ജലം തേടിയുള്ള വരവാണ് വന്യ മൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ ഭീഷണിയായത്. ഇപ്പോള്‍ കാട്ടാനക്കൂട്ടങ്ങളുടെ വരവും ഏറിയിട്ടുണ്ട്. മഴക്കാലങ്ങളില്‍ ഇവിട ത്തെ റിസര്‍വോയര്‍ കടക്കാന്‍ മുന്നൂറ് മീറ്ററോളം വള്ളം തുഴയണം. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് അക്കരെ-ഇക്കരെ നടന്നു കയറാം. വന്യമൃഗങ്ങളില്‍ നിന്ന് കാട്ടിലെ ആദിവാസികളെയും നാട്ടുകാരെയും രക്ഷിക്കാന്‍ മുന്‍പ് സോളാര്‍ വേലികള്‍ ഉണ്ടായിരുന്നു. അവയെല്ലാം നശിച്ചതോടെ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറി അമ്പൂരിയിലെ മിക്ക പ്രദേശങ്ങളും.
മായം കോട്ടമണ്‍പുറം റിസര്‍വോയര്‍ മുതല്‍ നെയ്യാര്‍ അണക്കെട്ടുവരെ ജലം ആവശ്യത്തിനുണ്ട്. ശേഷം അണമുഖം വരെയുള്ള ഭാഗങ്ങളിലെ റിസര്‍വോയറുകളാണ് വറ്റി വരണ്ടത്. കാട്ടുമൃഗങ്ങള്‍ നാടിറങ്ങുന്നത് ഈ പ്രദേശങ്ങളിലൂടെയാണ്. ഇതിനെതിരേ വനംവകുപ്പോ സര്‍ക്കാരോ യാതൊന്നും നടപടികളെടുക്കുന്നില്ലെന്ന് നിവാസികളുടെ ആക്ഷേപം.
പുരവിമല, കൊമ്പെ കടവ്, തെന്‍മല, ആമല തുടങ്ങിയ നിബിഢ വനങ്ങളില്‍ സോളാര്‍ ഫേന്‍സിങ് സ്ഥാപിച്ചിരുന്നു. അപ്പോള്‍ ആദിവാസി സെറ്റില്‍മെന്റ് പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിയുണ്ടായിരുന്നു.
മരച്ചീനി, ചേന, ചേമ്പ്, വാഴ, പച്ചക്കറികള്‍ തുടങ്ങിയവയായിരുന്നു ഇവിടത്തെ പ്രധാന കൃഷികള്‍. ഇപ്പോള്‍ അവയെല്ലാം തിന്ന് തീര്‍ക്കാനും നശിപ്പിക്കാനും ആനയും, പന്നിയും, മാന്‍, മ്ലാവുകള്‍ തുടങ്ങിയവ കൂട്ടത്തോടെ കാര്‍ഷിക മേഖലയെ വേട്ടയാടുമ്പോള്‍ ആദിവാസി ഊരുകളിലെ ജന ജീവിതവും ദുസഹമാകുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഏത് വേനലിലും നെയ്യാര്‍ നിബിഢ വനങ്ങളിലും അഗസ്ത്യമലയിലും മഴ സമൃദ്ധമായി ലഭിച്ചിരുന്നു. ഇത്തവണ ആ പതിവ് തെറ്റിയതാണ് നാട്ടിന്‍പുറങ്ങളില്‍ വന്യജീവി ശല്യം വര്‍ധിക്കാന്‍ ഇടയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."