കടല്‍ത്തീരങ്ങളില്‍ അപകട സൂചനാ ബോര്‍ഡുകള്‍;മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: കടല്‍ത്തീരങ്ങളിലും കായല്‍കരകളിലും വിനോദ സഞ്ചാരികള്‍ അപകടത്തില്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ അതോറിറ്റി ഡയരക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ തീരപ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ച് ഒരു മാസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
സൂചനാ ബോര്‍ഡുകള്‍ അവഗണിച്ച് സാഹസികത കാണിക്കുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ നടപടിയെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
കോവളം, ശംഖുംമുഖം, വെള്ളായണി കായല്‍ എന്നിവിടങ്ങളില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ ഇടപെടല്‍. കേസ് ജൂണ്‍ 6ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."