പ്രതികള്‍ ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് കോടതി
മുംബൈ: ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍ ഉള്‍പ്പെട്ട മലേഗാവ് കേസിലെ പ്രതികള്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് കോടതി. മുംബൈ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രജ്ഞാ സിങ്ങിന് പുറമേ ലെഫ്. കേണല്‍ പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാദ്യായ, അജയ് റഹ്‌രിക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍നി എന്നിവരാണ് മറ്റു പ്രതികള്‍.
കേണല്‍ പുരോഹിത് കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യം ഉണ്ടാകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ആഴ്ചയിലൊരിക്കല്‍ പ്രതികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രത്യേക എന്‍.ഐ.എ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടെ കേസ് അന്വേഷണത്തിനായി എന്‍.ഐ.എയെ സഹായിക്കാന്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഇരകളില്‍ ഒരാളുടെ പിതാവ് സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസ്ഹറിന്റെ പിതാവ് നിസാര്‍ അഹമ്മദ് സയ്യിദ് ബിലാലിന്റെ ഹരജിയാണ് തള്ളിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രജ്ഞാ സിങ് താക്കൂര്‍ ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്നതിനെതിരേ ബിലാല്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന ഹരജിയും കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടാനുള്ള അധികാരമില്ലെന്നാണ് എന്‍.ഐ.എ കോടതി പറഞ്ഞിരുന്നത്.മലേഗാവിലെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴ് പ്രതികള്‍ക്കെതിരേ തീവ്രവാദ പ്രവര്‍ത്തനം, ക്രിമില്‍ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്ന് 200 കി.മീ അകലെയുള്ള മലേഗാവ് പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."