ബഷീറിന്റെ സത്യസന്ധതയ്ക്ക് പൊലിസിന്റെ ആദരം
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരുടെ സത്യസന്ധതയ്ക്ക് പൊന്‍തൂവല്‍ചാര്‍ത്തിയ ബഷീറിന് ആദരം. കഴിഞ്ഞദിവസം തന്റെ ഓട്ടോയില്‍ സഞ്ചരിച്ച യാത്രക്കാരന്‍ മറന്നുവച്ച 1.49 കിലോഗ്രാം സ്വര്‍ണക്കട്ടി പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ഓട്ടോഡ്രൈവര്‍ പയ്യാനക്കലിലെ ബഷീറിനെയാണു പൊലിസ് ആദരിച്ചത്.
ബഷീറിന്റെ നന്മമനസിനെ കോഴിക്കോട് ടൗണ്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. ചടങ്ങില്‍ ബഷീറിന്റെ സത്യസന്ധതയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് സൗത്ത് അസി. കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖ് സമര്‍പ്പിച്ചു.
ഓട്ടോയില്‍ മറന്നുവച്ച സ്വര്‍ണക്കട്ടി ഉടന്‍തന്നെ ബഷീര്‍ ട്രാഫിക് സ്റ്റേഷനില്‍ നല്‍കുകയായിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ ഡ്രൈവറാണു പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് സ്വദേശിയായ ബഷീര്‍. നേരത്തെയും ഇതുപോലെ നിരവധി സാധനങ്ങള്‍ ഇദ്ദേഹത്തിന്റെ സത്യസന്ധതയില്‍ ഉടമസ്ഥര്‍ക്ക് തിരികെ കിട്ടിയിരുന്നു. കമ്മത്ത് ലൈനില്‍ സ്വര്‍ണം ഉരുക്കാന്‍ വന്ന കുറ്റ്യാടി സ്വദേശി സുദര്‍ശന്റേതാണ് സ്വര്‍ണക്കട്ടി.
ടൗണ്‍ എസ്.ഐ. രമേശ്കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ അഡ്വ.പി.എം നിയാസ്,സി.പി ശ്രീകല, പൊലിസ് ഓഫിസര്‍ കെ. പ്രസാദ് പ്രസംഗിച്ചു.
കമ്മത്ത്‌ലൈന്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്റെ ഉപഹാരം സെക്രട്ടറി സുനിലും തെക്കേപുറത്തിന്റെ ഉപഹാരം ഐ.വി ഉസ്മാന്‍കോയയും സൗത്ത് ബീച്ച് സംരക്ഷണസമിതിയുടെ ഉപഹാരം സനാഫ് പാലക്കണ്ടി, വിമല്‍ റാഡിയ എന്നിവരും കൈമാറി. തന്റെ വിലപിടിപ്പുള്ള സ്വര്‍ണം തിരിച്ചുനല്‍കിയ ഡ്രൈവറെ ആദരിക്കുന്ന ചടങ്ങില്‍ സുദര്‍ശനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."