അടിമാലി മേഖലയില്‍ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
അടിമാലി: വേനല്‍ മഴയിലും കാറ്റിലും അടിമാലി മേഖലയില്‍ വ്യാപക നാശനഷ്ടം. ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൂമ്പന്‍പാറയില്‍ കത്തോലിക്കാ പള്ളിയുടെ ഭാഗമായ പാഷന്‍ മൗണ്ടിന്റെ കമാനം കാറ്റില്‍ തകര്‍ന്നു. കമ്പിലൈന്‍, കാണ്ടിയാംപാറ മേഖലയില്‍ ആറു വീടുകള്‍ മരം വീണ് ഭാഗീഗമായി തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അടിമാലി മേഖലയില്‍ മഴയോടൊപ്പം വീശിയടിച്ച കാറ്റ് സംഹാരതാണ്ഡവമാടിയത്. കൂമ്പന്‍പാറയില്‍ ഫാത്തിമ മാതാ പള്ളിയുടെ ഭാഗമായി നിര്‍മിച്ച പാഷന്‍ മൗണ്ടിന്റെ കമാനമാണ് കാറ്റില്‍ പറന്ന് പോയത്. ഇവിടെ സ്ഥാപിച്ചിരുന്ന ബള്‍ബുകളും മറ്റ് സാധനങ്ങളും കാറ്റില്‍ നശിച്ചു. ലക്ഷം രൂപയില്‍ അധികം നഷ്ടം ഉണ്ടായതായി പള്ളി വികാരി പറഞ്ഞു. അടുത്തയാഴ്ച്ച നടക്കുന്ന തിരുനാളിന്റെ ആവശ്യത്തിന് സ്ഥാപിച്ചിരുന്ന കട്ടൗട്ടറുകളും കാറ്റില്‍ നശിപ്പിച്ചു. കമ്പിലൈന്‍ ഭാഗത്ത് ആറ് ഇടങ്ങളില്‍ കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ മരം വീണു. അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പൊലിസും എത്തിയാണ് മരങ്ങള്‍ വെട്ടി മാറ്റിയത്. ഗതാഗത തടസം ഒഴിവാക്കാന്‍ നാട്ടുകാരും നന്നായി സഹകരിച്ചു. ഒരു മണിക്കൂറിലേറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
അവധിദിനമായതിനാല്‍ മൂന്നാറിലേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായിരുന്നു. ഗതാഗതം തടസപ്പെട്ടതിനാല്‍ നിരവധി മൂന്നാര്‍ സഞ്ചാരികള്‍ റോഡില്‍ കുടുങ്ങി. കമ്പിലൈന്‍ കാണ്ടിയാംപാറ മേഖലയിലാണ് ആറു വീടുകള്‍ തകര്‍ന്നത്. അമ്പഴച്ചാല്‍ കാളകുഴി കുത്തികയില്‍ മൈതീന്‍, കാണ്ടിയാംപാറ ചിറയ്ക്കല്‍ ആഗസ്തി, കപ്പിലാംമൂട്ടില്‍ ആന്‍സി, ഇലഞ്ഞിക്കല്‍ സോജന്‍, പാണാട്ടില്‍ ഷൈന്‍ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്. വീടുകള്‍ ഭാഗീഗമായി തകര്‍ന്നിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധവും തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കണമെങ്കില്‍ കഠിനമായി യത്‌നിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."