കഞ്ചാവ് കടത്ത്: മൂന്ന് യുവാക്കള്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍
രാജാക്കാട്: ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് 260ഗ്രാം ഉണക്ക കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കടത്തുന്നതിനു ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
കാസര്‍കോട് സ്വദേശിയും എറണാകുളത്ത് ചായക്കടയില്‍ ജീവനക്കാരനുമായ അബ്ദുള്‍റഹ്മാന്‍ ഷഫനാസ്(20), എറണാകുളം പള്ളുരുത്തി ഡോണ്‍ബോസ്‌ക്കോ രമേശ്(21), തമിഴ്‌നാട് വേലൂര്‍ അബ്ദുള്ളപുരം പേന്‍പള്ളിക്കോളനി അരവിന്ദ്കുമാര്‍(23) എന്നിവരെയാണു നെടുങ്കണ്ടം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വൈ.പ്രസാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി കുര്യാക്കോസ്, അടിമാലി നര്‍ക്കോട്ടിക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ജെനീഷ്, ബോഡിമെട്ട് എക്‌സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ എന്നിവര്‍ അടങ്ങിയ സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉദ്യോഗസ്ഥ സംഘം വാഹന പരിശോധന നടത്തുന്നതിടെ തമിഴ്‌നാട് ഭാഗത്തു നിന്നും എത്തിയ ബൈക്ക് യാത്രക്കാരായ അബ്ദുള്‍റഹ്മാന്‍ ഷഫനാസിനേയും രമേശിനേയും പരിശോധിക്കവെയാണു ഇരുവരുടെയും അടിവസ്ത്രത്തിനുള്ളില്‍ 20 പൊതികളായി ഒളിപ്പിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ഇത് എറണാകുളത്ത് വില്‍ക്കുന്നതിനും, സ്വന്തം ഉപയോഗത്തിനും വേണ്ടിയാണെന്നു സമ്മതിച്ചു. ഒരു മണിക്കൂറിനു ശേഷം തമിഴ്‌നാട് നിന്നും വന്ന ബസ്സും യാത്രക്കാരെയും പരിശോധിക്കുന്നതിനിടെയാണു യാത്രികനായ അരവിന്ദ്കുമാറിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും 60 ഗ്രാം കഞ്ചാവ് പിടികൂടിയത്.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും, സ്വന്തം ഉപയോഗത്തിനായാണു കഞ്ചാവ് കൊണ്ടുവന്നതെന്നും ആണു ഇയാള്‍ പറഞ്ഞിരിക്കുന്നത്. മൂവരെയും നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."