റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം അപകട ഭീഷണിയാകുന്നു
തേഞ്ഞിപ്പലം: കൂറ്റന്‍ മരം റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. താഴെ ചേളാരി കൂട്ടുമുച്ചി റോഡില്‍ പാണക്കാട് അങ്ങാടിക്കടുത്തുള്ള പള്ളിയുടെ മുന്‍പിലാണ് ഏതുനിമിഷവും റോഡിലേക്ക് പതിക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന കൂറ്റന്‍ മരമുള്ളത്. ചേളാരി ഭാഗത്തേക്ക് വരുമ്പോള്‍ റോഡിന്റെ ഇടതുവശത്തായിട്ടാണ് മരം നിലകൊള്ളുന്നത്. ഉയരം കൂടിയ വാഹനങ്ങള്‍ പലപ്പോഴും മരത്തില്‍തട്ടി അപകടത്തില്‍പെടുന്നുണ്ട്. ഇതുവഴി വരുന്ന വലിയ വാഹനങ്ങള്‍ മരത്തില്‍ തട്ടാതിരിക്കാന്‍വേണ്ടി നാട്ടുകാര്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
അപകടം പതിയിരിക്കുന്നുവെന്ന സൂചനയായി മരത്തിന്റെ സമീപത്ത് റോഡില്‍ വാഴ നാട്ടിയാണ് നാട്ടുകാരുടെ ഇടപെടല്‍. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്തധികൃതരെ സമീപിച്ചിട്ടുണ്ട്. ചേളാരിയില്‍ നിന്നും കൂട്ടുമൂച്ചി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ ഭാഗങ്ങളിലേക്കും തിരിച്ചും പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
ഗുരുവായൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും സ്‌കൂള്‍ ബസുകളും നിരവധി സ്വകാര്യ ബസുകളും ഇതുവഴി പോകുന്നുണ്ട്. മാത്രമല്ല സമീപത്തെ രണ്ടു മദ്‌റസകളിലേക്കുള്ള വിദ്യാര്‍ഥികളും പള്ളിയില്‍ ആരാധനക്കെത്തുന്ന വിശ്വാസികളുമടക്കം ഒട്ടേറെ കാല്‍നടയാത്രക്കാരും ഈ വഴി ഉപയോഗപ്പെടുത്തുന്നുണ്ട്. അപകട ഭീഷണയുയര്‍ത്തി നില്‍ക്കുന്ന മരം വേഗത്തില്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."