പുതുപ്പള്ളിയില്‍ തിരുനാളിന് ഇന്ന് കൊടിയിറക്കം
കോട്ടയം: പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു സമാപനം കുറിച്ചുള്ള വെച്ചൂട്ട് ഇന്ന് നടക്കും. രാവിലെ ഒമ്പതിനു ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഒമ്പതിന്മേല്‍ കുര്‍ബാന. തുടര്‍ന്നാണു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നടക്കുന്നത്. വെച്ചൂട്ടിന്റെ ഭാഗമായി കുട്ടികള്‍ക്ക് ആദ്യചോറൂട്ടും നടത്തും.
നൂറുകണക്കിനു കുരുന്നുകളും ആദ്യചോറൂണിന്റെ മാധുര്യം പകരാന്‍ ദേവാലയത്തിലെത്തും. ദേവാലയത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ഭക്ഷണം നല്‍കുന്ന വിശിഷ്ട കര്‍മമാണ് വെച്ചൂട്ട് സദ്യ. ഉച്ചകഴിഞ്ഞ് രണ്ടിനു അങ്ങാടി, ഇരവിനെല്ലൂര്‍ ചുറ്റി പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം പള്ളിയില്‍ തിരികെയത്തിയതിനുശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. ഇന്നലെ രാവിലെ 11ന് പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങുകളോടെ പൊന്നിന്‍ കുരിശ് ദേവാലയത്തിന്റെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചു.
ഉച്ചകഴിഞ്ഞ് വെച്ചൂട്ടിന്റെ ഭാഗമായുള്ള വിറകിടീല്‍ ചടങ്ങ് നടന്നു. പുതുപ്പള്ളി, എറികാട് കരക്കാര്‍ സംഘം ചേര്‍ന്ന് വിറകു ശേഖരിച്ചു വാദ്യമേളങ്ങളുടെയും വള്ളപ്പാടിന്റെയും ഈരടികളോടെയുമാണ് പള്ളിയിലെത്തിയത്.തുടര്‍ന്ന് പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുത്തു.
രാത്രി എട്ടിന് നിലയ്ക്കല്‍പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണവും നടന്നു. രാത്രിയില്‍ പാരമ്പര്യ കലാപ്രകടനങ്ങളും ക്രിസ്തീയ ഗാനസന്ധ്യയും അരങ്ങേറി. പുലര്‍ച്ചെഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങും നടന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് കെഎസ്ആര്‍ടിസി പുതുപ്പള്ളിയില്‍നിന്നും വിവിധ പ്രദേശങ്ങളിലേക്ക് സ്‌പെഷല്‍ സര്‍വീസും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."