വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ 'ഷീല്‍ഡു'മായി വിദ്യാര്‍ഥികള്‍
കാലടി: വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ 'ഷീല്‍ഡു'മായി കാലടി ആദിശങ്കരാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ഋത്വജിത്തും സന്തോഷ് എസ് പൈയുമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.
റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ബ്‌ളൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ടര്‍, ആന്‍ഡി ഡോറിങ് എന്നിവയടങ്ങുന്നതാണ് ഈ മിടുക്കന്മാരുടെ ഷീല്‍ഡ്‌സംവിധാനം. പുറകില്‍നിന്നു വാഹനം വരുന്നുണ്ടെങ്കില്‍ വാഹനത്തിനുള്ളിലിരിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍. ഇരുവശങ്ങളിലുമുള്ള വാഹനങ്ങള്‍ അറിയുന്നതിന് ബ്‌ളൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ടറും 100 മീറ്ററിലധികം പുറകിലുള്ള വാഹനങ്ങള്‍ തിരിച്ചറിയാന്‍ ആന്റി ഡോറിങ് സംവിധാനവുമുണ്ട്. 10 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ പുറകില്‍നിന്നുവരുന്ന വാഹനങ്ങളെ 'ഷീല്‍ഡ്'വഴി തിരിച്ചറിയാനാകും. ഇതിനായി മൂന്നു സെന്‍സറുകളാണ് രണ്ടു വശങ്ങളിലും പിറകിലുമായി വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്. ഡ്രൈവറുടെ അടുത്തായി ഇതിന്റെ കണ്‍ട്രോള്‍ യൂണിറ്റുണ്ടാകും.
ഒരു മീറ്ററില്‍ താഴെയാണ് പുറകില്‍നിന്നുവരുന്ന വാഹനമെങ്കില്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ ചുവന്നലൈറ്റും ഒന്നുമുതല്‍ രണ്ടു മീറ്റര്‍വരെ ആണെങ്കില്‍ മഞ്ഞലൈറ്റും രണ്ടുമീറ്ററില്‍ കൂടുതലാണെങ്കില്‍ പച്ചലൈറ്റും തെളിയും. 100 മീറ്ററില്‍ കൂടുതലുണ്ടെങ്കില്‍ ബീപ് ശബ്ദവും ലൈറ്റും ഉണ്ടാകും. ഈ നിര്‍ദേശങ്ങള്‍വഴി സുരക്ഷിതമായി യാത്രക്കാര്‍ക്ക് വാഹനത്തില്‍നിന്നു പുറത്തിറങ്ങാനാകും. വാഹനത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍വഴി വശങ്ങളിലുളള വാഹനങ്ങള്‍ എത്ര ദൂരത്താണെന്നു മനസ്സിലാക്കാന്‍ കഴിയും.
ഇത്തരം നിരവധി ഉപകരണങ്ങളുണ്ടെങ്കിലും വശങ്ങളിലും പിറകിലും സെന്‍സറുകളുള്ള ഉപകരണം വിപണിയില്‍ ലഭ്യമല്ലെന്ന് ഋത്വജിത്തും സന്തോഷും പറയുന്നു. 11,500 രൂപയാണ് ഷീല്‍ഡിന്റെ നിര്‍മാണച്ചെലവ്. അധ്യാപകനായ ആല്‍ബിസ് പോളിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടാനുളള ശ്രമത്തിലാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."