സൗത്ത് സോണ്‍ നാഷനല്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്
ആലപ്പുഴ: സൗത്ത് സോണ്‍ നാഷനല്‍ റാങ്കിങ് ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഓഗസ്റ്റ് 14 മുതല്‍ 21 വരെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഒരു ദശാബ്ദത്തിനു ശേഷം ആദ്യമായാണ് ദേശീയതല ചാംപ്യന്‍ഷിപ്പ് കേരളത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടി.ടി.എ.കെ) ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി അറിയിച്ചു. പുരുഷ, വനിതാ ടീം ഇവന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഈ ചാംപ്യന്‍ഷിപ്പിന്റെ പ്രത്യേകത. ഈ മത്സരത്തില്‍ കേരള ടീമിനെ പരിശീലിപ്പിച്ചു തയാറാക്കാന്‍ ദേശീയ കോച്ചിനെ എത്തിക്കാന്‍ പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആലപ്പുഴയിലെ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റോടെയാണ് വരുന്ന സീസണില്‍ കേരളത്തിലെ ടേബിള്‍ ടെന്നിസ് റാങ്കിങ് മത്സരങ്ങളുടെ തുടക്കം. സംസ്ഥാന ചാംപ്യന്‍ഷിപ്പ് തൃശൂരില്‍ നടക്കും. ടേബിള്‍ ടെന്നിസ് കേരളം 2019 സീസണ്‍ കലണ്ടര്‍: ആലപ്പുഴ വൈ.എം.സി.എ 63-ാമതു ഇ. ജോണ്‍ ഫിലിപ്പോസ് ജൂണ്‍ 14-16, തിരുവന്തപുരം എന്‍.കെ.എം വെറ്ററന്‍സ് ജൂലൈ 7, കൊച്ചി കടവന്ത്ര വൈ.എം.സി.എ ജൂലൈ 12-14, കണ്ണൂര്‍ യൂത്ത് ആന്‍ഡ് സീനിയേഴ്‌സ് ജൂലൈ 20-21, ഇടുക്കി മൂന്നാര്‍ ടാറ്റാ ടീ ജൂലൈ 26-28, തിരുവനന്തപുരം സൗത്ത് സോണ്‍ സ്‌റ്റേറ്റ് കോച്ചിങ് ക്യാംപ് ഓഗസ്റ്റ് 3-12, തിരുവനന്തപുരം സൗത്ത് സോണ്‍ നാഷനല്‍സ് ഓഗസ്റ്റ് 14-21, എറണാകുളം ചെമ്പുമുക്ക് കെ.ആര്‍.പി ഓഗസ്റ്റ് 23-25, തിരുവനന്തപുരം വൈ.എം.സി.എ സെപ്റ്റംബര്‍ 6-8, ജില്ലാ ചാംപ്യന്‍ഷിപ്പുകള്‍ സെപ്റ്റംബര്‍ 9-13 (ഏതെങ്കിലും രണ്ടു ദിവസം), കോട്ടയം കാഞ്ഞിരപ്പള്ളി ഓള്‍ കേരള ജൂനിയര്‍ കാറ്റഗറീസ് സെപ്റ്റംബര്‍ 14-15, പാലക്കാട് ഓള്‍ കേരള ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 20-22, തൃശൂര്‍ സംസ്ഥാന ചാംപ്യന്‍ഷിപ്‌സ് ഒക്ടോബര്‍ 2-6, തൃശൂര്‍ സംസ്ഥാന വെറ്ററന്‍സ് 2020 ഫെബ്രുവരി 2. ടൂര്‍ണമെന്റുകളിലേക്കുള്ള എന്‍ട്രി ഫോം സമര്‍പ്പണം ഓണ്‍ലൈനില്‍ നിര്‍ബന്ധമാക്കി. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏക സംസ്ഥാനതല അസോസിയേഷനായ ടി.ടി.എ.കെയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള അതത് ജില്ലാ അസോസിയേഷനുകളിലൂടെയായിരിക്കണം ഇത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ആദ്യമായതിനാല്‍ എല്ലാ കളിക്കാരും രജിസ്‌ട്രേഷന്‍ ഫോം പുതുതായി പൂരിപ്പിച്ചു നല്‍കണം. ഒപ്പം ജനന തിയതി തെളിയിക്കുന്ന രേഖയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഏറ്റവും പുതിയ കളര്‍ ഫോട്ടോയും സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ജൂണ്‍ അഞ്ചിനു മുന്‍പ് പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."