റോഡ് നിര്‍മിച്ചു; പുഞ്ചക്കുഴിയില്‍ ഇനി കൃഷി ചെയ്യാം
പള്ളിക്കര: കഴിഞ്ഞ മൂന്നു വര്‍ഷമായി ട്രാക്ടര്‍ ഇറക്കി കൃഷി ചെയ്യാന്‍ സാധിക്കാതെ മുടങ്ങിക്കിടന്നിരുന്ന ചെങ്ങര പുഞ്ചക്കുഴി നടുപരുത പാടശേഖരത്തിലേക്ക് കുന്നത്തുനാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തില്‍ കര്‍ഷകരും സ്ഥലമുടമകളും പഞ്ചായത്തിലേക്കു ഭൂമി വിട്ട് നല്‍കി കൊണ്ട് ഫാം റോഡ് നിര്‍മിച്ചു.
2014ല്‍ അന്നത്തെ കലക്ടറായിരുന്ന ഷെയ്ഖ് പരീതിന്റെ കാലയളവില്‍ ചെങ്ങര പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഇരുപതോളം കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൃഷി മുടങ്ങാതെ ഇരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കുന്നത്ത്‌നാട് തഹസില്‍ദാരോട് നിര്‍ദ്ദേശിക്കുകയും എ.ഡിഎ.മ്മിന്റെ നേതൃത്വത്തില്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ ഡപ്യൂട്ടി തഹസില്‍ദാരും കൃഷി ഓഫീസറും പാടശേഖര സമിതി അംഗങ്ങളും സ്ഥലമുടമകളുടേയും യോഗം വിളിച്ചെങ്കിലും തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്.
ഈ കൃഷി ഭൂമിയിലേക്ക് ടില്ലറോ, ട്രാക്ടറോ ഇറക്കി കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം വന്നപ്പോള്‍ നിരവധി കര്‍ഷകര്‍ വിലകുറച്ച് പാടം വില്‍ക്കുകയും, തരിശ് ഇടുകയുമാണ് ചെയ്തത്.
എന്നാല്‍ ഈ പാടശേഖരത്തിലേക്കുള്ള വഴിയില്‍ മണല്‍ചിറയുടെ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയ ചില സ്വകാര്യ വ്യക്തികള്‍ വഴിക്ക് വേണ്ടി, കൈയേറിയ സ്ഥലം വിട്ടു നല്‍കാത്തതും വഴി ഉണ്ടാക്കുന്നതിന് തടസമായി.
ഒരേക്കറോളം വരുന്ന സഥലം ഉണ്ടായിരുന്ന മണല്‍ചിറ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം മൂലം ഇപ്പോള്‍ പകുതിയായി ചുരുങ്ങി.
ആയതിനാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളത്തിനുള്ള സ്രോതസ്സ് തടസപ്പെട്ടിരിക്കുന്നു.
എത്രയും വേഗം ഈ പ്രദേശം അളന്ന് തിട്ടപ്പെടുത്തി മണല്‍ചിറയെ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോടും തഹസില്‍ദാരോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."