ബന്ദിപ്പുര കടുവാ സങ്കേതം: ടൂറിസം മേലുകമനഹള്ളിയിലേക്ക് മാറ്റുന്നു
ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലെ ബന്ദിപ്പുരയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ടൂറിസം മേലുകമനഹള്ളിയിലേക്ക് മാറ്റുന്നു.
വനയാത്രയടക്കം ടൂറിസം ജൂണ്‍ രണ്ടു മുതല്‍ മേലുകമനഹള്ളി കേന്ദ്രമായി നടത്താനാണ് കര്‍ണാടക വനം-വന്യജീവി വകുപ്പിന്റെ തീരുമാനം. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായാണ് ടൂറിസം ബന്ദിപ്പുരയില്നിന്ന് 15 മിനിറ്റ് യാത്രാദൂരമുള്ള മേലുകമനഹള്ളിയിലേക്ക് മാറ്റുന്നത്.
ഇവിടെ ടിക്കറ്റ് കൗണ്ടറിന്റെയും പാര്‍ക്കിങ് ഗ്രൗണ്ടിന്റെയും നിര്‍മാണം പൂര്‍ത്തിയായി. മറ്റു സൗകര്യങ്ങള്‍ ഘട്ടങ്ങളായി ഏര്‍പ്പെടുത്തും. ബന്ദിപ്പുരയില്‍ എത്തുന്ന സഞ്ചാരികളില്‍ 20 ശതമാനം മാത്രമാണ് വനയാത്ര(സഫാരി) നടത്തുന്നത്. മറ്റു സഞ്ചാരികള്‍ റോഡിലും സമീപങ്ങളിലും മണിക്കൂറുകളോളം ചുറ്റിത്തിരിയുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വന്യജീവികള്‍ക്കു അലോസരം സൃഷ്ടിക്കുകയാണ്. സഞ്ചാരികള്‍ക്കുള്ള കോട്ടേജ് സൗകര്യം തല്കാലം ബന്ദിപ്പുരയില്‍ തുടരും. കോട്ടേജ് ബുക്കിങ് കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കും. മേലുകമനഹള്ളിയില് രാവിലെ ആറിനും 7.30നും എട്ടിനും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം നാലിനും അഞ്ചിനും 30 മിനിറ്റ് നീളുന്ന വനയാത്രയ്ക്കുള്ള സൗകര്യവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."