അമ്പത് ദിനം നൂറു കുളം;10 കുളങ്ങള്‍ വൃത്തിയാക്കി
കൊച്ചി: കുളങ്ങളെയും ചിറകളെയും മാലിന്യം നീക്കി തെളിനീര്‍ തടാകങ്ങളാക്കുന്നതിനു കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ആവിഷ്‌കരിച്ച അമ്പത് ദിനം, നൂറു കുളം പദ്ധതി ലക്ഷ്യത്തിലേക്കടുക്കുന്നു. ഇന്നലെ പത്തു കുളങ്ങള്‍ കൂടി വൃത്തിയാക്കിയതോടെ അഞ്ച് ഘട്ടങ്ങളിലായി ഇതുവരെ വൃത്തിയാക്കിയ കുളങ്ങളുടെ എണ്ണം 85ലെത്തി. അടുത്തയാഴ്ചയോടെ പദ്ധതിയില്‍ വൃത്തിയാക്കുന്ന കുളങ്ങളുടെ എണ്ണം നൂറു കടക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ഇന്നലെ ചേന്ദമംഗലം സഭാകുളം, പള്ളിപ്പുറം പൊതുകുളം, ചെങ്ങമനാട് ശാസ്താംപേട്ട് കുളം, കുമ്പളങ്ങി പൂപ്പനക്കുന്ന് കുളം, പാറക്കടവ് വട്ടേക്കാട്ട് കുളം, കരുമാല്ലൂര്‍ അടുക്കുവലച്ചിറ, വടക്കന്‍ പറവൂര്‍ ചെറുവാല്യക്കുളങ്ങര, വാഴക്കുളം ചാത്തന്‍കുളം, അരപൊട്ടക്കുളം, വെങ്ങോല കോത്താലിക്കുളം എന്നിവയാണു വൃത്തിയാക്കിയത്. ശനിയാഴ്ച്ച 11 കുളങ്ങളും വൃത്തിയാക്കിയിരുന്നു.
ഹരിതകേരളം മിഷന്‍, കൊച്ചി കപ്പല്‍ശാല, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവയ്ക്ക് പുറമെ അന്‍പൊടു കൊച്ചി, നേതാജി യൂത്ത് മൂവ്‌മെന്റ് എന്നീ സന്നദ്ധസംഘടനകളും പാലിയം ജി.എച്ച്.എസ്.എസ്, പറവൂര്‍ ബോയ്‌സ് എച്ച്.എസ്.എസ്, അയിരൂര്‍ സെന്റ് തോമസ് എച്ച്.എസ്.എസ്, കുമ്പളങ്ങി ഒ.എല്‍.എസ് എച്ച്.എസ്.എസ്, പാറക്കടവ് എന്‍.എന്‍.എസ് എച്ച്.എസ്.എസ്, കരുമാല്ലൂര്‍ എഫ്.എം.സി.ടി എച്ച്.എസ്.എസ്, വടക്കന്‍ പറവൂര്‍ എസ്.എന്‍ എച്ച്.എസ്.എസ്, ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും കുളം വൃത്തിയാക്കലില്‍ പങ്കാളികളായി. വിവിധ സ്ഥലങ്ങളില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി കലക്ടര്‍മാരായ കെ.ബി ബാബു, ബെന്നി, മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ജി രാമചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."