രണ്ടാം ഭാര്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കൊല്ലം: രണ്ടാംഭാര്യയെ കൊലപ്പെടുത്തി ശരീരം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും കൊല്ലം ഫസ്റ്റ് അഡിഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. കുണ്ടറ കാക്കോലില്‍ വിഷ്ണു ഭവനില്‍ വിജയരാജനെയാണ് ശിക്ഷിച്ചത്. പുനലൂര്‍ സ്വദേശിനി മിനിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തെളിവുകള്‍ നശിപ്പിച്ചതിന് 7 വര്‍ഷം കഠിന തടവും 25,000രൂപ പിഴയുമാണ് ശിക്ഷ. 2014 ഡിസംബര്‍ 9ന് രാത്രി 10.30ന് ആയിരുന്നു സംഭവം. വിജയരാജന്‍ ആദ്യ ഭാര്യ ഗീതയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന അവസരത്തിലായിരുന്നു മിനിയുമായി അടുപ്പത്തിലായത്. വിജയരാജനും മിനിയും 2014 ഏപ്രില്‍ ഒന്നുമുതലായിരുന്നു ഒരുമിച്ച് താമസം തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുക പതിവായിരുന്നു. സംഭവദിവസം വഴക്കിനിടെയായിരുന്നു മിനിയെ ആക്രമിച്ച് കൊലപ്പെടുത്തി. തുടര്‍ന്നാണ് വീടിന് കിഴക്കുവശമുള്ള സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് മൃതദേഹം ഒളിപ്പിച്ചത്. തുടര്‍ന്ന് കുണ്ടറ പൊലിസില്‍ മിനിയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പരാതി നല്‍കുകയും ചെയ്തു. തന്നെ പൊലിസിന് സംശയമുണ്ടെന്ന് മനസിലാക്കിയ പ്രതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ചികിത്സയിലിരിക്കെ നിര്‍ബന്ധ പൂര്‍വം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങിയിരുന്നു. കുടുംബ കോടതിയിലെ കേസിന്റെ വിചാരണ ദിവസം കോടതിയില്‍ ഹാജരാകുന്ന ഗീതയെ കോടതി പരിസരത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ ലക്ഷ്യം. അന്ന് ജഡ്ജി അവധിയായതിനാല്‍ ഗീത നേരത്തേ കോടതിയില്‍നിന്നും പോയതിനാല്‍ പ്രതിക്ക് ലക്ഷ്യം സാധിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പൊലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."