കള്ളവോട്ട് കാരണം ഇനിയൊരു റീപോളിങ് ഉണ്ടാകരുത്
സംസ്ഥാനം നിലവില്‍ വന്നതിനു ശേഷം കള്ളവോട്ടിന്റെ പേരില്‍ ആദ്യമായി നടക്കുന്ന റീപോളിങ് ആണ് നാളെത്തേത്. കേരളീയരെ സംബന്ധിച്ചിടത്തോളം ഇതു നാണക്കേടു തന്നെയാണ്. സംസ്‌കാരത്തിലും സാക്ഷരതയിലും മുന്നിട്ടുനില്‍ക്കുന്ന ഒരു ജനതയില്‍നിന്ന് ഇത്തരമൊരു അപരാധം വരരുതായിരുന്നു. റീപോളിങ് ഇതാദ്യമല്ല നടക്കുന്നത്. അതു പക്ഷെ കള്ളവോട്ടിന്റെ പേരിലായിരുന്നില്ല. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂരില്‍നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.സി ജോസ് പരാജയപ്പെട്ടു. വോട്ടിങ് മെഷിനാണ് തന്നെ തോല്‍പിച്ചതെന്ന് ജോസ് അന്ന് ആരോപിക്കുകയും അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തു. 1984 മെയ് 21ന് പറവൂരില്‍ റീപോളിങ് നടത്താന്‍ ജോസിന്റെ അപ്പീലില്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. വീണ്ടും വോട്ടെടുപ്പ് നടത്തിയപ്പോള്‍ അദ്ദേഹം 1,449 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.
എറണാകുളം മണ്ഡലത്തിലെ തൃക്കാക്കരയില്‍ ഒരു ബൂത്തില്‍ പോള്‍ ചെയ്ത ആകെ വോട്ടിനേക്കാള്‍ എണ്ണം വോട്ടിങ് യന്ത്രത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കുകയും റീപോളിങ് നടത്തുകയും ചെയ്തിരുന്നു. മറ്റു ചില കാരണങ്ങളാലും സംസ്ഥാനത്ത് റീപോളിങ് നടന്നിട്ടുണ്ട്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുംവിധമുള്ള കള്ളവോട്ടിന്റെ പേരില്‍ നടക്കുന്ന റീപോളിങ് ഇതാദ്യമാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 19 കള്ളവോട്ടുകളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴു ബൂത്തുകളില്‍ നാളെ വീണ്ടും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുമ്പോള്‍ നമ്മുടെ ജനാധിപത്യ ബോധമാണ് പരിഹസിക്കപ്പെടുന്നത്. കാസര്‍കോട്ടെ മൂന്നു ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമായിരുന്നു ആദ്യം റീപോളിങ് പ്രഖ്യാപിച്ചത്. പിന്നീട് കണ്ണൂരിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലും കൂടി റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഉത്തരവിടുകയായിരുന്നു. കള്ളവോട്ടുകളെക്കുറിച്ച് കണ്ണൂര്‍ ജില്ല പഴി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനു സാധൂകരണം നല്‍കുന്നതാണ് ഇപ്പോഴത്തെ റീപോളിങ്.
കള്ളവോട്ടുകളെ സംബന്ധിച്ച പരാതികളില്‍ ഇപ്പോഴും പരിശോധന തുടരുകയാണെന്നും തെളിവുകിട്ടിയാല്‍ അവിടങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് ശുപാര്‍ശ ചെയ്യുമെന്നാണ് മീണ പറയുന്നത്. കള്ളവോട്ടുകളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതു യു.ഡി.എഫിന്റെ സ്ഥിരം പല്ലവിയാണെന്ന് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജനും കള്ളവോട്ട് ചെയ്തു എന്നാരോപിക്കുന്നത് ഓപ്പണ്‍ വോട്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും വിശദീകരിച്ചിരുന്നുവെങ്കിലും ബൂത്തിലെ ദൃശ്യങ്ങളില്‍നിന്ന് കള്ളവോട്ടുകള്‍ ചെയ്തതായി തെളിവ് ലഭിച്ചു. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യ ഭരണ സമ്പ്രദായത്തിന് അനിവാര്യമാണ്. തന്റെ പ്രതിനിധിയെ നിശ്ചയിക്കാനുള്ള ഒരു വോട്ടറുടെ തീരുമാനമാണ് കള്ളവോട്ടിലൂടെ അട്ടിമറിക്കപ്പെടുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ച് നടത്തപ്പെടുന്ന റീപോളിങ് പൗരന്റെ അവകാശം വകവച്ചുകൊടുക്കുന്നതായും കണക്കാക്കാം. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വൈകാതെ ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി രംഗത്തുവരികയും അതിന്റെ ദൃശ്യങ്ങളും പുറത്തുവരികയും ചെയ്തു.
മുമ്പൊരിക്കലും കാണാത്തവിധമുള്ള പോളിങ് ശതമാനമാണ് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. 77 ശതമാനത്തിലധികം പല മണ്ഡലങ്ങളിലും വോട്ടുകള്‍ രേഖപ്പെടുത്തി. ജനാധിപത്യത്തോടുള്ള കേരളീയരുടെ പ്രതിബദ്ധതയായി ഇതിനെ മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണലിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ജനാധിപത്യത്തോടുള്ള കേരളീയരുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ തിരുത്തിക്കുറിക്കപ്പെട്ടത്. ജനപ്രാതിനിധ്യ നിയമം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാകണമെങ്കില്‍ ആദ്യപടിയായ തെരഞ്ഞെടുപ്പുകള്‍ നീതിപൂര്‍വവും സത്യസന്ധവുമായിരിക്കണം. സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് കള്ളവോട്ടുകളിലൂടെ ഇല്ലാതാകുന്നത്. ജനാധിപത്യത്തില്‍ ഏറ്റവും ശക്തരാണ് പൊതുജനങ്ങള്‍. എന്നാല്‍, ഈ വിശേഷണം അവര്‍ക്കു ചാര്‍ത്തിക്കൊടുത്തതിനു ശേഷം അവരെ പുറന്തള്ളുന്ന നിലപാടുകളാണ് പൊതുവെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിക്കാറ്.
ഇന്ത്യന്‍ ജനാധിപത്യം നാനാദിക്കുകളില്‍ നിന്നാണിപ്പോള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ പ്രബലമായ ഭീഷണി സംഘ്പരിവാറില്‍നിന്നും അവരുടെ ഭരണകൂടങ്ങളില്‍നിന്നും തന്നെയാണ്. കള്ളവോട്ടിനായി യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അമ്പതോ നൂറോ വരുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ടുകള്‍ ചിലപ്പോള്‍ ജയവും പരാജയവും നിര്‍ണയിച്ചേക്കാം. ഈ വസ്തുത ചൂണ്ടിക്കാണിച്ച് ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഇരുമുന്നണികളുടെയും വിശ്വാസ്യതാരാഹിത്യത്തെ എടുത്തുപറയാന്‍ കഴിയും. ഇതുവഴി ജനങ്ങള്‍ക്ക് ഇരുമുന്നണികളെക്കുറിച്ചുമുള്ള വിശ്വാസമാണ് തകരുക. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു പാര്‍ട്ടിക്ക് പിന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കാനാവില്ല. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് അതാണ് സംഭവിച്ചത്.
മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ ജനതക്കു വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അവര്‍ കള്ളവോട്ടുകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഫാസിസ്റ്റുകള്‍ക്ക് ഇതുവഴി കേരളീയ രാഷ്ട്രീയത്തില്‍ ഇടംപിടിക്കാനുള്ള അവസരം ഇരുമുന്നണികളും നല്‍കരുത്. അങ്ങനെ വന്നാല്‍ നിസ്സാര കള്ളവോട്ടുകളെക്കാള്‍ മാരകമായിരിക്കും കേരളത്തെ സംബന്ധിച്ചിടത്തോളം അത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ കള്ളവോട്ടുകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് അവരുടെ വിശ്വാസ്യത നിലനിര്‍ത്തട്ടെ. കള്ളവോട്ടിന്റെ പേരില്‍ ഇനിയൊരു റീപോളിങ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."