ഈ പുഴയും കടന്ന് നമുക്കിനിയും പോകേണ്ടേ
അക്കരയിക്കരെ പോകാനെത്തിടാമോ തോണീ... ഓര്‍മകളുടെ പൊന്നോളങ്ങള്‍ കീറിമുറിച്ച് പൂന്തോണി എത്തിടുകയായ്. മനസിന്റെ കുളിരണിപ്പൊയ്കയിലെ ഓളപ്പരപ്പുകളിലെ കാഴ്ചകള്‍ മാത്രമായി തോണിയും കടവും കടത്തുകാരനും മാറി. നാടിനൊരു പുഴയും ആ പുഴ കടന്നൊരു യാത്രയും മലയാളിയുടെ നിറം മങ്ങിയ ഓര്‍മക്കാഴ്ചകളിലെ അവസാന ചിത്രങ്ങളായിക്കൊണ്ടിരിക്കുന്നു.
44 പ്രബല നദികള്‍. മെലിഞ്ഞു വഴിഞ്ഞും മലനാടിനെ പുളകം കൊള്ളിച്ച ഈ ഭൂമിയുടെ നാഡീഞരമ്പുകള്‍. സിന്ധുനദിയുടെ ഓരങ്ങള്‍ പറഞ്ഞ മഹിത സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പുഴയ്ക്കും പറയാനുണ്ടായിരുന്നു. പുഴയോരവും കടവും കഥാതന്തുക്കളാക്കാത്ത കവികളോ കഥാകാരന്‍മാരോ സിനിമാക്കാരോ അപൂര്‍വം. വോള്‍ഗയും നൈലും നിളയുമെല്ലാം നമ്മുടെ സാഹിത്യകാരന്‍മാരെ എപ്പോഴും കോരിത്തരിപ്പിച്ചിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ റഷ്യന്‍ യാത്രാ വിവരണം വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോഴെന്ന പേരിലാണ് പുറത്തിറങ്ങിയത്.
പുഴയുടെ അക്കരെയിക്കരെ കുടിയേറിയവര്‍, അവരുടെ സംസ്‌കാരം, ജീവിതം, പുഴയിറമ്പുകളിലെ കെട്ടിടങ്ങള്‍, തെളിനീരൊഴുക്കിനെ കീറിമുറിച്ചു പോകുന്ന യാനങ്ങള്‍, മീനുകള്‍ അങ്ങനെയങ്ങനെ മലയാളിക്കു പറയാന്‍ നൂറുനൂറു പുഴക്കഥകളുണ്ടായിരുന്നു. നാളികേരത്തിന്റെയും നദിയുടെയും കുളിര്‍മയുള്ള ഓര്‍മകളായിരുന്നു ഓരോ പ്രവാസി മലയാളിയുടെയും മനോമുകുരങ്ങളില്‍ നിറഞ്ഞാടിയിരുന്നത്. നാടിന്റെ വാണിജ്യ, വ്യാപാര മേഖല മുഴുവന്‍ പുഴയും തോണിയും കടവും ചേര്‍ന്ന അതിമനോഹര പശ്ചാത്തലത്തിലായിരുന്നു. ചരക്കുകളുമായെത്തുന്ന തോണിയെ വരവേല്‍ക്കാന്‍ ചുമട്ടുകാരും കച്ചവടക്കാരുമുണ്ട്. ഓരോ ഗ്രാമത്തെയും സമ്പുഷ്ടമാക്കി ഒഴുകിയ തോടുകള്‍ പുഴകളുടെ ഉപ പാതകളായി. ചരക്കുകള്‍ സുരക്ഷിതമായെത്തിക്കുന്ന പുരത്തോണികളുണ്ടായിരുന്നു അന്ന്. നീണ്ട മുളങ്കമ്പു കുത്തി വലിയൊരു യാനത്തെ അനായാസം കടവുകളോടടുപ്പിക്കുന്ന തോണിക്കാരന്റെ കഴിവ് നാം സാകൂതം നോക്കിനിന്നിട്ടുണ്ട്.
റോഡുകളും റെയില്‍വേ സൗകര്യങ്ങളുമൊക്കെ വികസിക്കുന്നതിനു മുമ്പ് പ്രധാന സഞ്ചാരമാര്‍ഗം കൂടിയായിരുന്നു നദികളൊക്കെയും. കരയിലൂടെയുള്ള സഞ്ചാരം അപൂര്‍വമായപ്പോള്‍ ദേശദേശാന്തര ഗമനങ്ങള്‍ മിക്കതും ജലമാര്‍ഗേണയായിരുന്നു. കാര്‍ഷികോല്‍പന്നങ്ങളും സാമഗ്രികളും മരത്തടികളുമൊക്കെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് തീരദേശത്തേക്കും തിരിച്ചും എത്തിക്കുന്നതിന് പാതയൊരുക്കിയിരുന്നത് ഈ നദികളായിരുന്നു.
നമ്മുടെ 44 നദികളില്‍ ഒമ്പതെണ്ണവും കാസര്‍കോട് ജില്ലയിലാണ്. ചന്ദ്രഗിരിപ്പുഴ, ചിത്താരിപ്പുഴ, കാര്യങ്കോട് പുഴ, കവ്വായിപ്പുഴ, മഞ്ചേശ്വരം പുഴ, മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, ഷിറിയ പുഴ, ഉപ്പള പുഴ അങ്ങനെയങ്ങനെ വടക്കന്‍ ജില്ലയെ സമൃദ്ധമാക്കി അവ ഒഴുകി. കാസര്‍കോടിന്റെ പ്രാചീന സംസ്‌കാരം ഉയര്‍ന്നുവന്നതും പുഴയോരം കേന്ദ്രീകരിച്ചാണെന്ന് പറയപ്പെടുന്നു. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പ്രമുഖ കോട്ടയായ ചന്ദ്രഗിരിക്കോട്ട ഈ പുഴയോരത്താണ്.
ആലുവ പാലസും ചൊവ്വര കൊട്ടാരവും കോഡര്‍ മാളികയുമൊക്കെ പെരിയാറിന്റെ തീരത്താണ്. ആനമുടിയില്‍ നിന്ന് നീര്‍ച്ചാലായി പുറപ്പെട്ട് 209 കിലോമീറ്റര്‍ നിറഞ്ഞൊഴുകിയ നിളാനദിയുടെ നാടാണ് നമ്മുടേത്. 244 കിലോമീറ്ററുള്ള നമ്മുടെ ജീവരേഖയായ പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയും നൂറ്റാണ്ടുകള്‍ നമ്മെ കുളിരണിയിച്ചു. 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്. പമ്പാറും ഭവാനിയും കബനിയുമാണ് കിഴക്കോട്ടു സഞ്ചരിക്കുന്നത്. ഈ കണക്കുകളെല്ലാം ആവേശത്തോടെ പാഠപുസ്തകങ്ങളില്‍ പഠിക്കുമ്പോഴും ഓരോ പുഴയും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.
ഭാരതത്തിലെ മറ്റു നദികളെ അപേക്ഷിച്ചുനോക്കിയാല്‍ കേരളത്തിലെ നദികള്‍ വളരെ ചെറുതാണ്. എങ്കിലും ഈ നാടിനെ പച്ചപ്പണിയിച്ച് തെളിനീരൊഴുക്കി പാഞ്ഞുപോയ നദികളെ ഞെക്കിയും ഞെരുക്കിയും മലിനമാക്കിയുമെല്ലാം നശിപ്പിക്കുന്ന പണി നമ്മള്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടേയിരിക്കയാണ്. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടുള്ള പാറപൊട്ടിക്കലും പുഴമണല്‍ ഖന നവും നമ്മുടെ നദികളെ നശിപ്പിച്ചു. കൃഷിക്കും കുടിവെള്ളത്തിനും വൈദ്യുതോല്‍പാദനത്തിനും മത്സ്യക്കൃഷിക്കുമൊക്കെ ഉപകരിച്ചിരുന്ന പുഴകള്‍ അത്തരം ധര്‍മങ്ങളൊന്നും നിര്‍വഹിക്കാനാവാതെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന കാഴ്ച വേനല്‍ക്കാലത്തിനു മുമ്പു തന്നെ നമുക്ക് കാണാം. പരിസ്ഥിതി പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ചില ഇടപെടലുകള്‍ പുഴകളെയും ജലസ്രോതസുകളെയും തെല്ലെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എന്നിട്ടും പുഴകള്‍ നമ്മുടെ ജീവനാഡികളാണെന്ന ചിന്ത നമ്മുടെ മനസുകളില്‍ ആഴത്തില്‍ വേരൂന്നുന്നില്ല.
പ്രളയകാലത്തെ ദുഃസ്ഥിതികള്‍ പുഴകളെക്കുറിച്ച് ചിലതെങ്കിലും നമ്മെ ബോധ്യപ്പെടുത്തി. പ്രകൃതി തന്നെ മനുഷ്യന്റെ കൈയേറ്റങ്ങള്‍ക്കും ആര്‍ത്തികള്‍ക്കുമെതിരേയുള്ള ചില നീക്കങ്ങള്‍ നടത്തി. നിറഞ്ഞുകവിഞ്ഞ് ഭീകരത കാണിച്ച അവ നാളുകള്‍ക്കുള്ളില്‍ മെലിഞ്ഞുണങ്ങുന്ന കാഴ്ചയും നമ്മള്‍ കണ്ടു. മണ്ണിലും വിണ്ണിലും മനുഷ്യകരങ്ങളുടെ ആര്‍ത്തി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ദുരിതങ്ങളും ദുരന്തങ്ങളുമെന്ന വേദവാക്യം നാമെത്രമാത്രം ഉള്‍ക്കൊണ്ടുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങള്‍ എങ്ങനെയെങ്കിലും വലിച്ചെറിഞ്ഞ് കൈകഴുകുന്ന മലയാളിയുടെ സംസ്‌കാരം മാറിയാലേ നമ്മുടെ പുഴയും തോടും വെള്ളവുമെല്ലാം അതിന്റെ തനിമയോടെ നില നില്‍ക്കുകയുള്ളൂ. ഉപയോഗിക്കൂ വലിച്ചെറിയൂ എന്ന ഉപഭോഗ സംസ്‌കാരത്തിന്റെ വൃത്തികെട്ട മുദ്രാവാക്യം നാം ഉപേക്ഷിച്ചേ മതിയാകൂ. രോഗങ്ങളും ദുരന്തങ്ങളും നമ്മെ വേട്ടയാടുമ്പോള്‍ മാത്രമുള്ള ജാഗ്രത ശരിയല്ല. നമുക്കും ഇനിവരുന്ന തലമുറയ്ക്കും അവ നിലനിര്‍ത്തേണ്ടതുണ്ട്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ഏറെ മടിയുള്ള ചിലര്‍ മനുഷ്യരില്‍ മാത്രമല്ല അവരെ അടക്കി ഭരിക്കുന്നവരിലുമുണ്ടായാല്‍ നാടിന്റെ ഗതി പിന്നീടെന്താവുമെന്ന് നമുക്ക് വിഹ്വലതയോടെയേ ഊഹിക്കാനാവൂ. പുഴകളെയും ജലസ്രോതസുകളെയും മാലിന്യക്കെട്ടുകളാക്കാതിരിക്കാന്‍ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നതോടൊപ്പം കടുത്ത നിയമങ്ങള്‍ കൂടി ഉണ്ടാവുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."