ഇത് കേരളത്തെ പണയപ്പെടുത്തുന്നതിന്റെ മണിമുഴക്കം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല. കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തില്‍ മുക്കുന്നതിനുമുള്ള മണിനാദമാണ്. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ മണിനാദവുമാണത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2,150 കോടിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് കേരളത്തില്‍ ഇന്നും കത്തിനില്‍ക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ സി.ഡി.പി.ക്യുവാണെന്നത് ഞെട്ടലോടെയാണ് നാം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന ഈ ഇടപാടില്‍ സത്യം മറച്ചുവയ്ക്കുന്നതിന് കള്ളത്തിനുമേല്‍ കള്ളം അടുക്കിവയ്ക്കുകയാണ് സര്‍ക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങള്‍ സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്?
എസ്.എന്‍.സി ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്‌ലിന്‍ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന ഞാന്‍ പുറത്തു വിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്‌ലിന് മസാല ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന് തെളിവ് ഞാന്‍ ഹാജരാക്കിയപ്പോള്‍ ചെറിയ ബന്ധമേയുള്ളൂ എന്നു പറഞ്ഞ് ഐസക്ക് മലക്കംമറിഞ്ഞു. ചെറിയ ബന്ധമല്ല എസ്.എന്‍.സി ലാവ്‌ലിനെ നയിക്കുന്നതു തന്നെ സി.ഡി.പി.ക്യുവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളാണ് പിന്നീട് പുറത്തുവന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബ്ലിക് ഇഷ്യൂ ആയാണ് മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും ലോകത്താര്‍ക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യു വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രിയുടെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്‍പതോളം കമ്പനികള്‍ കിഫ്ബിയുടെ മസാല ബോണ്ടില്‍ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചര്‍ച്ച നടത്തിയ ശേഷമാണ് സി.ഡി.പി.ക്യുവില്‍ എത്തിച്ചേര്‍ന്നത് എന്നുമാണ് സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്. ധനമന്ത്രിയാകട്ടെ ഒരു പടികൂടി കടന്ന് എന്നെ കടന്നാക്രമിക്കുകയും ചെയ്തു. പബ്ലിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു. അതായത് മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യുവിന് കൊടുത്തതെന്നും അതിനാല്‍ അതില്‍ കമ്മിഷനോ അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ അതും പെരുംകള്ളമായിരുന്നു. പബ്ലിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്ലേസ്‌ചെയ്തതെന്നതിന്റെ തെളിവ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യുവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാല ബോണ്ട് പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തിയത്. സി.ഡി.പി.ക്യു വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ഒരു ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തി ബോണ്ട് വില്‍പന നടത്തിയ കാര്യം പരമരഹസ്യമായി വച്ച ശേഷം പബ്ലിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്? മസാല ബോണ്ട് വില്‍പന നടത്താന്‍ എന്തിന് കാനഡ തിരഞ്ഞെടുത്തു? എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ ആസ്ഥാനമായ കാനഡയില്‍ ചെന്ന് ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യുവുമായി ഇടപാടു നടത്തിയ കാര്യം മറച്ചുവച്ചത് എന്തോ ഒളിക്കാനുള്ളതുകൊണ്ടല്ലേ?
മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍.സി ലാവ്‌ലിനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ കിടക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ വീണ്ടും ലാവ്‌ലിന്‍ ഗന്ധമുള്ള ഇടപാട് നടക്കുകയും അതു മൂടിവയ്ക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്. എന്താണ് ഇതിനു പിന്നിലെ യഥാര്‍ഥ ഇടപാടെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും വ്യക്തമാക്കണം.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് മസാല ബോണ്ടെന്നും ആ ശ്രമത്തെ അട്ടിമറിക്കുകയാണ് പ്രതിപക്ഷമെന്നുമുള്ള വാദമാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഉയര്‍ത്തുന്നത്. എന്നാല്‍ ഇത് വലിയ സാമ്പത്തിക അടിമത്വത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കാന്‍ പോകുന്നത്. 2,150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അഞ്ചു വര്‍ഷത്തേക്കാണ്. 9.72 ശതമാനം എന്ന കൊള്ളപ്പലിശയാണ് കിഫ്ബി നല്‍കേണ്ടത്. അതായത് 2,150 കോടിയുടെ ബോണ്ടിന് അഞ്ചു വര്‍ഷംകൊണ്ട് 1,045 കോടി രൂപ പലിശയായി നല്‍കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പലിശ എന്നത് മൊത്തം എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയാകും. അപ്പോള്‍ 2,150 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷം കൊണ്ട് 3,195 കോടി രൂപ പലിശയടക്കം നല്‍കേണ്ടിവരും. വര്‍ഷത്തില്‍ 209 കോടിയാണ് പലിശയായി നല്‍കേണ്ടത്. ഇതില്‍ കിഫ്ബി വീഴ്ച വരുത്തിയാല്‍ ഗാരന്റി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതു നല്‍കാന്‍ ബാധ്യസ്ഥമാണ്. മന്ത്രിസഭയോടോ നിയമസഭയോടോ യാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വതന്ത്ര റിപ്പബ്ലിക്കായി കെട്ടിപ്പൊക്കിയ കിഫ്ബി എന്തു വീഴ്ച വരുത്തിയാലും അതെല്ലാം താങ്ങേണ്ടത് സര്‍ക്കാരാണ്.
തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടികൂടിയാണ് ഈ മസാല ബോണ്ട്. ഭരണഘടനയുടെ അനുഛേദം 293 (1)ല്‍ വ്യക്തമായി പറയുന്നത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലുള്ള കടമെടുപ്പ് ഇന്ത്യയുടെ ഭൂപരിധിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്. സംസ്ഥാനം ഗാരന്റിയായി നിന്ന് വിദേശത്തു നിന്ന് പണം കടമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇതിനര്‍ഥം. എന്നാല്‍ ആര്‍.ബി.ഐയുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് ഈ ഭരണഘടനാ ലംഘനം നടത്തുന്നത്. ആര്‍.ബി.ഐ എന്നാല്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡി മാത്രമാണ്. അതൊരിക്കലും ഭരണഘടനയ്ക്കു മുകളിലാവില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഈ തട്ടിപ്പിന് സാധൂകരണം ഉണ്ടാക്കാനും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ കൂട്ടുപിടിക്കുകയാണ്.
വാഹന ടാക്‌സ്, ഫ്യുവല്‍ ടാക്‌സ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന പണംകൊണ്ടാണ് ഈ മസാല ബോണ്ടിന്റെ തുകയായ 2,150 കോടിയും പലിശയും സര്‍ക്കാര്‍ നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ നന്നേ കുറവാണ്. അപ്പോള്‍ ഉറപ്പായി ലഭിക്കുന്ന ഇത്തരം വരുമാനം മുഴുവനും പലിശ കൊടുക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കാതലായ കാര്യങ്ങള്‍ക്ക് പണമില്ലാതെ വരും. മാത്രമല്ല ഇവ രണ്ടും ജനങ്ങളില്‍ നിന്ന് നേരിട്ടു പിരിക്കുന്ന നികുതിയാണ്. ജനങ്ങളില്‍ നിന്ന് നേരിട്ട് പിരിക്കുന്ന നികുതി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കിഫ്ബി എന്ന സ്ഥാപനം വാങ്ങിയ പണത്തിനു കൊള്ളപ്പലിശ നല്‍കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
മസാല ബോണ്ട് സംബന്ധിച്ച് ഇതുവരെ കിട്ടിയ രേഖകളനുസരിച്ച് മാര്‍ച്ച് 29ന് മുന്‍പ് തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്‍പനയും നടന്നു പണവും ലഭിച്ചുകഴിഞ്ഞ ശേഷം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിമുഴക്കുന്നത് വെറും വേഷംകെട്ടല്‍ മാത്രമാണ്.കാനഡയിലെ ക്യുബക്കില്‍ രഹസ്യമായി ചെന്ന് സി.ഡി.പി.ക്യു എന്ന കമ്പനിക്കു വേണ്ടി പ്രൈവറ്റ് ഇഷ്യൂ നടത്തിയതിനു ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി പബ്ലിക് ഇഷ്യൂ എന്ന നാടകം കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. സി.ഡി.പി.ക്യുവിനും അതുവഴി ലാവ്‌ലിനും എന്തൊക്കെ ഓഫറുകളാണ് ഈ ഇടപാടിന്റെ മറവില്‍ നല്‍കിയിട്ടുള്ളതെന്നാണ് ഇനി അറിയാനുള്ളത്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സി.ഡി.പി.ക്യു ഒരു പെന്‍ഷന്‍ ഫണ്ട് ഇന്‍വെസ്റ്റര്‍ മാത്രമായാണ് രൂപീകരിച്ചതെങ്കിലും ഇന്നവര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം, അടിസ്ഥാനസൗകര്യ മേഖല, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക ഓട്ടോമേറ്റഡ് റെയില്‍വേ ട്രാന്‍സിറ്റ് അടക്കം കാനഡയിലെയും മറ്റു രാജ്യങ്ങളിലെയും നിരവധി പ്രൊജക്ടുകള്‍ നടപ്പാക്കുന്നത് സി.ഡി.പി.ക്യു ഇന്‍ഫ്രാ എന്ന സ്ഥാപനമാണ്. അവര്‍ ഈ പദ്ധതികളുടെ നടത്തിപ്പിനായി സബ് കോണ്‍ട്രാക്റ്റ് നല്‍കുകയും അതിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് എസ്.എന്‍.സി ലാവ്‌ലിനാണ്. സി.ഡി.പി.ക്യു ഏറ്റെടുക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് എസ്.എന്‍.സി ലാവ്‌ലിനാണ് എന്നര്‍ഥം. അതായത് മറ്റെന്തൊക്കെയോ ഉടമ്പടികള്‍ പഴയ കാനഡ ചങ്ങാതികളുമായി വീണ്ടും ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് സംശയിക്കേണ്ടത്.
കൊള്ളപ്പലിശയ്ക്കുള്ള ഈ ഇടപാടുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. മസാല ബോണ്ടിനൊപ്പം കിഫ്ബി വാങ്ങിയ മറ്റു കടങ്ങളുടെ പലിശ കൊടുത്തു തീര്‍ക്കാനായി വീണ്ടും കടംവാങ്ങേണ്ടി വരും. കാരണം സര്‍ക്കാരിന്റെ പൊതു കടം ഓരോ വര്‍ഷവും വര്‍ധിക്കുകയും ധനാഗമ മാര്‍ഗങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. പലിശയും കടവും തിരിച്ചടയ്ക്കുന്നതില്‍ കിഫ്ബി വീഴ്ച വരുത്തിയാല്‍ അതിന്മേല്‍ വീണ്ടും സര്‍ക്കാര്‍ ഗാരന്റി നിന്ന് കൂടുതല്‍ കടം വാങ്ങി പലിശ തിരിച്ചടയ്‌ക്കേണ്ടി വരും. നിലവില്‍ സംസ്ഥാനത്തിന്റെ പൊതുകടം വളരെ ഉയര്‍ന്ന തോതിലാണുള്ളത്. ഇനിയും കടംവാങ്ങുന്നത് സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കും. കിട്ടുന്ന എല്ലാ വരുമാനവും കടം വീട്ടാനും പലിശ കൊടുക്കാനും മാത്രം ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പൂര്‍ണമായി തകര്‍ക്കും. വലിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. എന്നാല്‍ മസാല ബോണ്ടുകളില്‍ നിന്നുള്ള പണമുപയോഗിച്ച് ഭൂമി വാങ്ങാന്‍ പാടില്ലെന്ന നിബന്ധന റിസര്‍വ് ബാങ്ക് വച്ചിട്ടുള്ളതുകൊണ്ട് ഭൂമി അക്വയര്‍ ചെയ്യാന്‍ വേറെ പണം വേണ്ടി വരും. അതു സര്‍ക്കാര്‍ മറ്റു വിധത്തിലുള്ള വായ്പയായി വാങ്ങേണ്ടിവരും. ഇതെല്ലാം എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് സര്‍ക്കാരിനു തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. പൊതുകടം സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ 30 ശതമാനം ആയിക്കഴിഞ്ഞു. 2019-2022ല്‍ മസാല ബോണ്ട് കൂടാതെയുള്ള മറ്റു വായ്പയുടെ പലിശയുടെ തിരിച്ചടവും കൂടി 6,000 കോടി രൂപയിലധികം സര്‍ക്കാരിനു ചെലവാക്കേണ്ടതായി വരും.
ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുന്നതും വന്‍തോതിലുള്ള കമ്മിഷനുകള്‍ അടക്കമുള്ള അഴിമതിക്ക് അരങ്ങൊരുക്കുന്നതുമായിരിക്കും ഈ മസാല ബോണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."