വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മലയാളികള്‍ക്കുള്ള ജാഗ്രത മറ്റിടങ്ങളില്‍ ഇല്ലെന്ന് വി.എസ് സുനില്‍കുമാര്‍
തൃപ്രയാര്‍: ഭിക്ഷ യാചിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പോലും സ്‌കൂളില്‍ പോകുന്ന നാടാണ് കേരളമെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മലയാളികള്‍ കാണിക്കുന്ന ജാഗ്രത മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
പെരിങ്ങോട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറ്റി ഇരുപത്തി അഞ്ചാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാര്‍വിക വിദ്യാഭ്യാസം നടപ്പിലാക്കിയ ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമായ കേരളത്തില്‍ ലാഭകരമല്ല എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസ സ്ഥാപനവും അടച്ചുപൂട്ടാന്‍ അനുവദിക്കില്ല. കോടതി വിധി എതിരായിരുന്നിട്ടു പോലും നിയമ ഭേദഗതി ഉണ്ടാക്കി മാനേജ്‌മെന്റ് അടച്ചു പൂട്ടിയ നാലു സ്‌കൂളുകള്‍ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയോ കച്ചവടവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്ന ഒരവസ്ഥ കേരളത്തില്‍ പൊതുവെ കൂടി വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഗീതാഗോപി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
പൂര്‍വ വിദ്യാര്‍ഥിയായ ഡോ.വിഷ്ണു ഭാരതീയാര്‍ സ്വാമികള്‍ സ്‌കൂളിന് സമര്‍പ്പിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
സി.എന്‍ ജയദേവന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
അഡ്വ.എ.യു രഘുരാമ പണിക്കര്‍, ടി.ആര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജി പോള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."