'ജൈവ ഗ്രാമം സന്തുഷ്ട ഗ്രാമം' പദ്ധതി ശ്രദ്ധയാര്‍ഷിക്കുന്നു
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്കിലെ കൃഷി, മണ്ണ്, ജലം, ടൂറിസം എന്നീ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച 'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം' പദ്ധതി ശ്രദ്ധനേടുന്നു.
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന സമഗ്ര കാര്‍ഷിക സാമൂഹിക വികസന കര്‍മ പദ്ധതിയാണിത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ആണ് പദ്ധതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത്.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുമാണ് ഭൂമി ശാസ്ത്രപരമായ വിവരശേഖരണം നടത്തുന്നത്. ജിയോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് പദ്ധതിയ്ക്ക് വേണ്ട സൂക്ഷ്മ നീര്‍ത്തട അടിസ്ഥാന പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക വിളകളെ പരിപോഷിപ്പിക്കുവാനും ചെറുകിട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും അതുവഴി സുസ്ഥിര വികസനം നേടാനും സാധിക്കും.
പദ്ധതി നടത്തിപ്പിനായി ജനകീയ അവബോധ പരിപാടികളും ജനപ്രതിനിധികളുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 പേര്‍ അടങ്ങിയ ടീമിന് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും വിവര ശേഖരണത്തിനുമായി വിദഗ്ദ്ധര്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ സര്‍വേ ആരംഭിക്കും.
ജല സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെല്‍ ലോഗ് എന്ന ആപ്പിലും വസ്തു വിവരങ്ങള്‍ അസറ്റ് പ്ലോട്ടര്‍ എന്ന ആപ്പിലും രേഖപ്പെടുത്തുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂപടം തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."