സംഘടനാ റിപ്പോര്‍ട്ട് ചോര്‍ത്തി; ജമാഅത്ത് ശൂറാ അംഗത്തെ പുറത്താക്കി
കോഴിക്കോട്: സംഘടനാവിവരങ്ങള്‍ ചോര്‍ത്തി നല്കി എന്നാരോപിച്ച് ജമാഅത്തെ ഇസ്ലാമി ശൂറ അംഗവും മുന്‍ സംഘടനാ കാര്യ സെക്രട്ടറിയും പ്രഭാഷകനുമായ ഖാലിദ് മൂസ നദ്വിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൂടിയാലോചനാ സമിതിയായ ശൂറയിലെ ചര്‍ച്ചകളും അന്വേഷണ റിപ്പോര്‍ട്ടും ചോര്‍ത്തിക്കൊടുത്തുവെന്നതാണ് ഇദ്ദേഹത്തിനെതിരേയുള്ള പരാതി.
സംഘടനയുടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാന്‍ ശൂറ സമിതിയെ നിയോഗിക്കുകയും സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് കഴിഞ്ഞ ഒന്‍പതിന് ചേര്‍ന്ന ശൂറാ യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്ഷന്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
സംഘടനാ മുഖപത്രം, ചാനല്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ നല്കിയ പരാതികള്‍ അന്വേഷിക്കാന്‍ നാല് ജില്ലാ പ്രസിഡന്റുമാര്‍ അടങ്ങുന്ന സംഘത്തെയാണ് ശൂറ നിയോഗിച്ചിരുന്നത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് ജമാഅത്ത് അനുകൂല സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവജന വിഭാഗമായ സോളിഡാരിറ്റിയിലും ചര്‍ച്ചയായിരുന്നു.
മാധ്യമം മാനേജ്മെന്റിന്റെ പിടിപ്പ്കേട് മൂലം ഉണ്ടായ നഷ്ടം നികത്താന്‍ 10 കോടി പിരിക്കാനുള്ള നീക്കത്തെ പ്രവര്ത്തകസമ്മര്ദം കൊണ്ട് തടയിടാനാണ് താന്‍ സംഘടനയിലെ ശൂറക്ക് പുറത്തുള്ള പ്രധാനികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതെന്നാണ് ഖാലിദ് നദ്വിയുടെ വിശദീകരണം.
രണ്ടര വര്‍ഷം മുന്‍പും നടപടി നേരിട്ട ശൂറ അംഗമാണ് ഖാലിദ് മൂസ. പിന്നീട് അഖിലേന്ത്യാ അമീറിന് ക്ഷമാപണം എഴുതി നല്കിയ ശേഷം സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ശൂറയിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രഭാഷണ രംഗത്തും ഖാലിദ് മൂസ സജീവമായിരുന്നു. ഖാലിദ് മൂസയെ പുറത്താക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലിയുടെ പേരിലുള്ള ഒരു കത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘടനക്ക് ദോഷകരമാകുന്ന രീതിയില്‍ ഖാലിദ് മൂസ പ്രവര്‍ത്തിച്ചെന്നാണ് ഈ കത്തില്‍ ആരോപിക്കുന്നത്.
അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്നുമാണ് ജമാഅത്തെ ഇസ്ലാമി കേരള അമീറിന്റെ നിലപാട്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. നടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഖാലിദ് മൂസ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."