പരീക്ഷയിലെ ആള്‍മാറാട്ടം: അധ്യാപകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ലേക്ക് മാറ്റി
കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ രണ്ട് അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. പരീക്ഷ എഴുതിയ നിഷാദ് വി. മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി. കെ ഫൈസലിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി അവധിക്കാല ബെഞ്ച് മാറ്റിയത്.
ഇന്നലെ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നില്ല. റിപ്പോര്‍ട്ട് നല്കാന് രണ്ടു ദിവസം കൂടി സമയം വേണമെന്ന് പൊലിസ് കോടതിയോട് അപേക്ഷിച്ചു. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റിയതായും അന്ന് പൊലിസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ ഇതുവരെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. അതിനിടെ ഒളിവിലുള്ള മൂന്നു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാനുള്ള ആലോചനയിലാണ് പൊലിസ്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലുടന്‍ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."