വീടുകളുടെ നാശനഷ്ടം: കണക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും
കാക്കനാട്: പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഐ.ടി.വകുപ്പുമായി സഹകരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കെടുപ്പ്. ഇതു സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ജി.പി.എസ് ടാഗിങ്ങും നടത്തുന്നതിനാല്‍ ഇരട്ടിപ്പ് ഒഴിവാകും. ശതമാനാടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. നടപടികള്‍ സുതാര്യമാക്കാനും വ്യവസ്ഥയുണ്ട്.
ജില്ലയില്‍ പാഠപുസ്തകവിതരണം തുടങ്ങി. 31,000 ബാഗുകളാണ് നഷ്ടമായത്. ഡല്‍ഹിയില്‍നിന്നും രണ്ടു ലക്ഷം ബാഗുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതില്‍ ജില്ലയ്ക്കനുവദിച്ചവ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കി വിതരണം ചെയ്യും. അടിയന്തരധനസഹായം 79,171 പേരിലെത്തിച്ചു. ആകെ തുക വിതരണത്തിന്റെ 47ശതമാനമാണിത്. സെപ്റ്റംബര്‍ പത്തോടെ വിതരണം പൂര്‍ത്തിയാകും. ധനസഹായത്തിന് അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ തഹസില്‍ദാരെ അറിയിക്കണം. ഇക്കാര്യത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളും. 2,227,769 കിറ്റുകള്‍ വിതരണത്തിനായി നടപടിയെടുത്തു. ദുരിതാശ്വാസകിറ്റ് ലഭിക്കാത്ത അര്‍ഹരായവര്‍ക്ക് ഉടനടി നല്‍കും.
12 ക്യാംപുകളിലായി 491 ആളുകളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്. ക്യാമ്പുകളില്‍നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്തവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷനും ശുചിത്വമിഷനും അരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്. ചൂണ്ടി രാമമംഗലം റോഡ് പ്രവര്‍ത്തികള്‍ തുടങ്ങാന്‍ പി.ഡബ്ല്യു.ഡിയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഡൂപ്ലിക്കേറ്റ് എടുത്തു നല്‍കുന്നതിന് ഐ.ടി.വകുപ്പിന്റെ സഹായത്തോടെ പറവൂരില്‍ ട്രയല്‍ റണ്‍ നടത്തി. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ യജ്ഞം ഉടന്‍ നടത്തും.ജില്ലയിലെ എംഎല്‍എമാര്‍, ഇന്നസെന്റ് എംപി, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ആശ സനില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."