പ്രളയം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 99.5% പൂര്‍ത്തിയാക്കി
കൊച്ചി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 99.5% വീടുകളും വാസയോഗ്യമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ശുദ്ധീകരിക്കേണ്ട തായ 175415 വീടുകളില്‍ 174548 വീടുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മാലതി കെ വി പറഞ്ഞു. അവശേഷിക്കുന്ന 867 വീടുകള്‍ ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്നവയും ജീര്‍ണിച്ച് നിലംപതിച്ചവയുമാണ്.
കൂടാതെ സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനവും പൊതുസ്ഥാപനങ്ങളുടെത് 98.68% ഉം കിണറുകള്‍ 82% പൂര്‍ത്തീകരിച്ചു. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ബഹുജനയുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
പൊതു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണ പ്രവര്‍ത്തികളും കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."