കൊറോണ ലക്ഷണങ്ങൾ കണ്ടാൽ ഉംറ പെർമിറ്റ് റദ്ദാക്കും
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ നടക്കുന്ന ഉംറക്ക് പെർമിറ്റ് ലഭിക്കുന്നവരിൽ കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ പെർമിറ്റ് റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ഉംറ നിർവഹണം ആസൂത്രണം ചെയ്യാൻ പെർമിറ്റ് ലഭ്യമാക്കുന്ന ഇഅ്തമർനാ ആപ് തീർഥാടകരെ സഹായിക്കും. ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ സമന്വയത്തോടെയാണ് പ്രവർത്തിക്കുക. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആരോഗ്യനില ഉറപ്പുവരുത്താൻ ഇത് സഹായിക്കും.
അതിനിടെ ഇഅ്തമര്‍നാ ആപ് വഴി രണ്ടര ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റ് അപേക്ഷകള്‍ ലഭിച്ചതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ അറിയിച്ചു.
സഊദി പൗരന്മാരും വിദേശികളും അടക്കം 50,000 ലേറെ പേര്‍ക്ക് ഇതിനകം പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉംറ പെർമിറ്റുകൾക്കുള്ള അപേക്ഷകളാണ് ഇഅ്തമർനാ ആപ്പ് വഴി സ്വീകരിക്കുന്നത്. വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലെ റൗദാ ശരീഫിലും നമസ്‌കാരം നിർവഹിക്കാനുള്ള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ പിന്നീട് ആപ് വഴി സ്വീകരിക്കുമെന്നും ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു.ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലും നിലവിൽ ഇഅ്തമർനാ ആപ്പ് ലഭ്യമായി തുടങ്ങി. ഐഫോണുകളിൽ ആപ് ലഭ്യമായി നാലു ദിവസത്തിനു ശേഷമാണ് ആൻഡ്രോയിഡ് ഫോണുകളിൽ ആപ് ലഭിച്ചു തുടങ്ങിയത്.
അതേ സമയം ഞായറാഴ്ച മുതൽ ഉംറ കർമത്തിന് അനുമതി നൽകുക. ഞായറാഴ്ച 16,000 പേർക്കാണ് അവസരമുണ്ടാകുക. ഉംറ നിർവഹിക്കുന്നതിന് ഓരോ തീർഥാടകനും മൂന്നു മണിക്കൂർ സമയമാണ് ലഭിക്കുക. കിസ്‌വ ഫാക്ടറി, ഹറം മ്യൂസിയം സന്ദർശനവും ഞായറാഴ്ച മുതൽ ഹറംകാര്യ വകുപ്പ് അനുവദിക്കും. 30 മിനിറ്റു മുതൽ 45 മിനിറ്റു വരെയായി സന്ദർശന സമയം നിജപ്പെടുത്തും. സന്ദർശകർക്കിടയിൽ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഒരു വിഭാഗത്തിലെ സന്ദർശകരുടെ എണ്ണം പത്തിലേറെയായി ഉയരാതെ പ്രത്യേകം ശ്രദ്ധിക്കും.
ഓരോ രണ്ടു മണിക്കൂറിലും സന്ദർശകരുടെ ഒരു ബസ് വീതം സ്വീകരിക്കുന്ന നിലയിൽ സന്ദർശനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇഅ്തമർനാ ആപ്പുമായി ബന്ധിപ്പിച്ച ഹറംകാര്യ വകുപ്പ് പോർട്ടൽ വഴിയാണ് സന്ദശനത്തിന് അനുമതി നൽകുക. കിസ്‌വ ഫാക്ടറിയിലും ഹറം മ്യൂസിയത്തിലും മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും ബാധകമാക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇഅ്തമർനാ ആപ്പ് വഴി രണ്ടര ലക്ഷത്തിലേറെ ഉംറ പെർമിറ്റ് അപേക്ഷകൾ ലഭിച്ചതായി ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി അറിയിച്ചു.
മീഖാത്തുകളിൽ പ്രവേശിക്കാൻ തീർഥാടർക്ക് പാലിക്കേണ്ട ഏഴു വ്യവസ്ഥകൾ ഇവയാണ്.
- തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യുക
- ഇഅ്തമർനാ ആപ് വഴി മുൻകൂട്ടി പെർമിറ്റ് നേടുക
- മീഖാത്തുകളിൽ സാമൂഹിക അകലം ഉറപ്പാക്കുന്ന അടയാളങ്ങൾ പാലിക്കുക, ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് മീഖാത്തുകളിൽ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങൾ പാലിക്കുക
- മാസ്‌ക് ഇല്ലാതെ മസ്ജിദിൽ പ്രവേശിക്കാതിരിക്കുക
- ഓരോ തീർഥാടകനും സ്വന്തം നമസ്‌കാരപടം കൈവശം കരുതുക
- മസ്ജിദിനകത്ത് നമസ്‌കാരത്തിന് നിശ്ചയിച്ച സ്ഥലങ്ങൾ പാലിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."