ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേര്‍ പിടിയില്‍
വണ്ടിപ്പെരിയാര്‍: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേരെ വനപാലകര്‍ പിടികൂടി.
വള്ളക്കടവ് കറുപ്പുപാലം സ്വദേശികളായ പുഞ്ചപറമ്പില്‍ പി വി സുരേഷ് (48), കടശിക്കാട് രാജന്‍ (45), പ്ലവനക്കുഴിയില്‍ ബിജു (39), ഇഞ്ചിക്കാട് എസ്‌റ്റേറ്റില്‍ അയ്യപ്പന്‍ (45), പാലക്കാത്തൊടിയില്‍ എം ഖാദര്‍ (41), ഡൈമുക്ക് കന്നിമാര്‍ചോല കൊച്ചുപുരയ്ക്കല്‍ സുരേഷ് (38) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ തേക്കടി റെയിഞ്ച് ഓഫിസര്‍ ബി ആര്‍ അനുരാജ്, ദില്‍ഷാദ്, എസ്.ശരത്, ആര്‍ സുരേഷ്, കെ.രാജന്‍, ടി. നവരാജ് എന്നിവര്‍ വാഹന പരിശോധന നടത്തുന്നതിനിടെ ചന്ദനവുമായെത്തിയ ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടി. വനപാലകര്‍ പിന്നാലെയെത്തി ഇയാളെ പിടികൂടുകയും പിന്നീട് വാഹനം പരിശോധിക്കുകയും ചെയ്തതോടെയാണ് ഓട്ടോയുടെ പിന്നില്‍ നാല് കഷണങ്ങളായി ഒളിപ്പിച്ചു വച്ചിരുന്ന 74 കിലോ ചന്ദനം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മറ്റ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഈ ചന്ദനത്തടികള്‍ക്ക് പൊതുവിപണിയില്‍ ഏകദേശം 1,10,000 രൂപ വിലമതിക്കുമെന്ന് വനപാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."