നാല് വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ സംഭവം വിവാദമാകുന്നു
കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവില്‍ നരസഭയുടെ പുനരധിവാസ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് നാല് വയസുകാരന് പരിക്കേറ്റ സംഭവം വിവാദമാകുന്നു.
നിര്‍മാണം പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും വീണാണ് തൈപ്പറമ്പില്‍ സിയാദിന്റെ മകന്‍ റിസാലിന് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കൈവരിയില്ലാത്ത കോണിയില്‍ നിന്നും കാല്‍ തെറ്റിയ കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. ഇനിയും ഔദ്യോഗികമായി തുറന്നു കൊടുത്തിട്ടില്ലാത്ത ഫ്‌ളാറ്റില്‍ ആറ് കുടുംബങ്ങള്‍ സ്വമേധയാ താമസിക്കുന്നുണ്ട്. കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസില്‍ വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിച്ചു വന്നിരുന്ന പന്ത്രണ്ട് കുടുംബങ്ങള്‍ക്കായാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്.കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലത്താണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ച് തുടക്കമിട്ടത്. എന്നാല്‍ പദ്ധതി ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനായില്ല. ഇതേ തുടര്‍ന്ന് ഗുണഭോക്താക്കള്‍ സമരമാരംഭിച്ചു.
പലവട്ടം നഗരസഭാ ചെയര്‍ പേഴ്‌സന്റെ ഓഫീസ് ഉപരോധിച്ച സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും സാങ്കേതിക തടസത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തീകരിക്കാനായില്ല. ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയാകും വരെ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കുമെന്ന ധാരണയുണ്ടാക്കിയിരുന്നുവെങ്കിലും ഓഡിറ്റ് തടസത്തെ തുടര്‍ന്ന് ധാരണ നടപ്പിലായില്ല. പുതിയ നഗരസഭാ ഭരണ സമിതി അധികാരത്തിലെത്തിയപ്പോള്‍ ലാന്റിംഗ് പ്ലേസിലെ താമസക്കാര്‍ക്ക് മറ്റൊരിടത്ത് മൂന്ന് സെന്റ് സ്ഥലവും വീട് പണിയാന്‍ സഹായധനവും നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നു. തുടക്കത്തില്‍ ഗുണഭോക്താക്കള്‍ അനുകൂലമായി പ്രതികരിച്ചുവെങ്കിലും പിന്നീട് ചര്‍ച്ചയില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ് ആറ് കുടുംബങ്ങള്‍ ഫ്‌ളാറ്റില്‍ താമസമാരംഭിച്ചത്. ഇതിനിടയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റതോടെ വിഷയം കൂടുതല്‍ ഗൗരവതരമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."