സഊദിയിൽ മലയാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു
റിയാദ്: സഊദിയിൽ ജോലിക്കിടെ കുഴഞ്ഞു വീണു മലയാളി മരണപ്പെട്ടു. കാക്കഞ്ചേരി പുൽപറമ്പ് സ്വദേശി കൊടക്കാട്ടകത്ത് അഹമ്മദ് കുട്ടി (55) യാണ് ജിസാനിൽ സാംതയിൽ കുഴഞ്ഞു വീണു മരിച്ചത്. ജോലി ചെയ്യുന്ന ബ്രോസ്‌റ്റ് കടയിൽ കുഴഞ്ഞു വീണാണ് മരണം. ഇരുപത് വർഷമായി സഊദിയിലുള്ള അഹമ്മദ് കുട്ടി പതിനഞ്ച് വർഷത്തോളമായി സാംതയിൽ ബ്രോസ്റ്റ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നുവെങ്കിലും തിരിച്ച് വന്ന് വീണ്ടും ജോലിയിൽ ഏർപ്പെട്ടതായിരുന്നു. കടയിൽ എത്തിയ അഹമ്മദ് കുട്ടി രാത്രി കുഴഞ്ഞു വീണതിനെ തുടർന്ന് മകനും മറ്റ് സുഹൃത്തുക്കളും ചേർന്ന് സാംത ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷമായി എത്തിയ പുത്രൻ മുഹമ്മദ് ജംഷാദിന് ഒപ്പമാണ് കട നടത്തി വന്നിരുന്നത്. നല്ല സുഹൃദ് വലയമുള്ള അഹമ്മദ് കുട്ടി സഊദിയിലെത്തിയ ഏക മകന്‍ മുഹമ്മദ് ജംഷാദിനെ കടയേൽപ്പിച്ച് പ്രവാസം നിർത്തി നാട്ടിൽ പോകാനിരിക്കെയാണ് മരണം തേടിയെത്തിയത്. സാംത ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.
പരേതനായ കൊടക്കാട്ട കത്ത് കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മാതാവ്: പുല്ലാട്ടിൽ കുഞ്ഞിപ്പാത്തു. ഭാര്യ: പുല്ലാട്ടിൽ റംലത്ത്, മക്കൾ: മുഹമ്മദ് ജംഷാദ് (സാംത്ത), രഹന, റജുല. മരുമകൻ: സമദ് ഫറോക്ക് (വ്യാപാരി). സഹോദരങ്ങള്‍: ഇത്തൈമ (കോഴിപ്പുറം), ലത്തീഫ് (സിമൻ്റ് മർച്ചൻ്റ് പുൽപറമ്പ്, ജഅഫർ (ജനറൽ മർച്ചൻ്റ്), റൂബി. ഭാര്യാ സഹോദരന്മാരായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അബ്ദു റഹ്മാൻ എന്ന ബാവ, സൈനുദ്ധീൻ എന്നിവർ സാംത്തയിലുണ്ട്.
അനന്തര നടപടികള്‍ക്കായി സാംതയിലെ സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളുമായ മുനീർ ഹുദവി ഉള്ളണം, റസാഖ് വെളിമുക്ക്, ഷൗക്കത് ആനവാതിൽ, കുഞ്ഞാപ്പ വേങ്ങര, അബ്‌സൽ ഉള്ളൂർ, അബ്ദുള്ള ചിറയിൽ, ഡോക്ടർ ജോൺ ചെറിയാൻ, മുജീബ് പാലക്കാട്, നിസാർ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."