മണല്‍ മാഫിയക്കെതിരേ മോഷണകുറ്റത്തിന് കേസെടുക്കുമെന്ന്
പാലക്കാട്: പേഴുങ്കരയില്‍ മണല്‍ കടത്തുകാര്‍ക്കെതിരേ മോഷണക്കുറ്റത്തിനും, നദീതട സംരക്ഷണ നിയമപ്രകാരവും പൊലിസ് കേസെടുക്കാന്‍ തുടങ്ങി. വടക്കേപറമ്പ് കടവിലെ കുഴിയില്‍പ്പെട്ടു വിദ്യാര്‍ഥി മരിച്ച സംഭവമാണ് ഇതിന് കാരണമായത്.
അനധികൃതമായി പുഴയില്‍നിന്ന് മണല്‍ കടത്തിയതിനാല്‍ പ്രദേശവാസി ഹുസൈനെ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ മോഷ്ടിച്ചെന്ന വകുപ്പിലുള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
അനധികൃതമായി മണലൂറ്റുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ എടുക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി വടക്കേപറമ്പ് കടവില്‍ മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിക്കും. ഇവരെ പിടികൂടുന്നതിനായി പ്രദേശവാസികളും പൊലിസും ഉള്‍പ്പെട്ട പരിശോധനാ സംഘം രൂപീകരിക്കും. വടക്കേപറമ്പ് കടവുവരെ പൊലിസ് നിരീക്ഷണത്തിലായിരിക്കും.
മണല്‍മാഫിയ സംഘത്തിലുള്‍പ്പെട്ടവരെ സമാന വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലിസ് നടപടി തുടങ്ങി. സി.ഐ ആര്‍. ശിവശങ്കരന്‍, എസ്.ഐ ആര്‍. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍.
മുന്നൂറിലേറെ ചാക്കുകളിലായാണ് കടവിലും പുഴയിലും മണല്‍ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പേഴുങ്കര തട്ടാരത്തൊടിയില്‍ അബ്ബാസിന്റെ മകന്‍ മുഹമ്മദ് മുസ്തഫ(12) മണല്‍ക്കുഴിയില്‍പ്പെട്ട് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."