മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്റെ ഒരുമാസശമ്പളം കൊടിഞ്ഞി പള്ളിയുടെ നിര്‍മാണത്തിന്
തിരൂരങ്ങാടി: തന്റെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ സന്തോഷവാനായിരുന്നു. കൊടിഞ്ഞി പള്ളി കേന്ദ്രീകരിച്ച് കൊടിഞ്ഞിയിലെ സമൂഹം നിലനിര്‍ത്തിപോരുന്ന മതേതര മൂല്യങ്ങള്‍ക്ക് ഉണ്ണികൃഷ്ണന്റെ അകമഴിഞ്ഞ സംഭാവനയായിരുന്നു അത്. ഒരുമാസത്തെ അലവന്‍സ് അടക്കമുള്ള ശമ്പളം കൊടിഞ്ഞി പഴയ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണ ഫണ്ടിലേക്ക് അദ്ദേഹം സംഭാവന നല്‍കി.
മതേതരത്വത്തിന്റെ പ്രതീകമായ കൊടിഞ്ഞി പള്ളി മമ്പുറം സയ്യിദ് അലവി തങ്ങളാണ് സ്ഥാപിച്ചത്. പള്ളി നവീകരണത്തിന്റെ അവസാന ഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
നാട്ടിലെ ഇതര സമുദായങ്ങളടക്കം സംഭാവന നല്‍കി നിര്‍മിക്കുന്ന പള്ളിക്ക് താന്‍ നല്‍കുന്ന സംഭാവന മതേതര മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് കൂടിയാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നും മത സൗഹാര്‍ദവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്നവരാണ് കൊടിഞ്ഞി പ്രദേശത്തുകാര്‍. ഫൈസല്‍ വധം ഒരു കറുത്ത അധ്യായമാണ്. എന്നാല്‍ ഈയിടെ സഹോദര സമുദായത്തില്‍പെട്ട അമല്‍ എന്ന ഒന്‍പത് വയസുകാരന് കരള്‍ ശസ്ത്രക്രിയക്ക് പള്ളികളിലും മറ്റും പിരിവ് നടത്തി ലക്ഷങ്ങള്‍ നല്‍കിയ കൊടിഞ്ഞിയുടെ മതേതരത്വം എക്കാലത്തും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊടിഞ്ഞി പ്രദേശം ഉള്‍ക്കൊള്ളുന്ന നന്നമ്പ്ര ഡിവിഷനില്‍ നിന്നാണ് ദലിത് ലീഗ് നേതാവ് കൂടിയായ ഉണ്ണികൃഷ്ണന്‍ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊടിഞ്ഞി പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മതരംഗത്ത് ഉണ്ണി കൃഷ്ണന്റെ സാന്നിധ്യം ഏറെയാണ്.
ദക്ഷിണേന്ത്യയിലെ പ്രധാന പള്ളികളിലൊന്നാണ് സത്യപള്ളി എന്ന പേരിലറിയപ്പെടുന്ന കൊടിഞ്ഞി പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."