തിരയെ ഭയന്ന് തീരം
കാലവര്‍ഷം കനക്കുമ്പോള്‍ കലി തുള്ളിയെത്തുന്ന കടലിന്റെ രൗദ്രഭാവമോര്‍ത്ത് ഇടനെഞ്ചു കലങ്ങുകയാണ് കടലോരവാസികള്‍ക്ക്.
തീരദേശത്തു താമസിക്കുന്നവര്‍ക്ക് ഓരോ കാലവര്‍ഷവും ദുരിതങ്ങളുടെ പേമാരിയാണ്.
ജനിച്ചു വളര്‍ന്ന വീട്ടിലേക്കു തിരയാര്‍ത്തെത്തുമ്പോള്‍ കൈയില്‍ കിട്ടിയതെടുത്ത് ബന്ധുവീട്ടിലേക്കോ അഭായാര്‍ഥി ക്യാംപുകളിലേക്കും പോകേണ്ടി വരുന്ന ദുരവസ്ഥ ഒരുപക്ഷേ കടലോര നിവാസികള്‍ക്കേ ഉണ്ടാവുകയുള്ളൂ.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇരച്ചെത്തുന്ന കടലിനെ ഭയന്നാണ് തീരത്തു താമസിക്കുന്നവര്‍ ഈ ദിനങ്ങളില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്.
ഒരു നിമിഷം കൊണ്ടു തീരം തച്ചുടച്ചു നക്കിയെടുത്തു പിറകോട്ടു പോകുന്ന കടലിന്റെ ഇരമ്പത്തെ പോലും കാലവര്‍ഷമാകുമ്പോള്‍ ഭയമാണിവര്‍ക്ക്.
ജില്ലയില്‍ വലിയപറമ്പ് മുതല്‍ കാസര്‍കോട് ഉപ്പള വരെയുള്ള കടലോരങ്ങളില്‍ നീലേശ്വരത്തു മാത്രമാണു കടലിന്റെ ആക്രമണം വലിയ തോതില്‍ ഇല്ലാത്തത്.
മറ്റെല്ലാ പ്രദേശങ്ങളും കടലാക്രമണത്തിന്റെ രൂക്ഷത എല്ലാ കാലവും അറിയാറുണ്ട്.
ഓരോ കടലാക്രമണ കാലത്തും എന്തെങ്കിലുമൊക്കെ ചെയ്യുമെന്നല്ലാതെ ദീര്‍ഘകാല പദ്ധതികളെല്ലാം കടലാസിലുറങ്ങുകയാണ്.
വരള്‍ച്ചയ്ക്കും ഉപ്പുവെള്ളത്തിനും പരിഹാരം കാണാനായി ഓടിനടക്കുന്ന അധികാരികള്‍ വരാനിരിക്കുന്ന കടലാക്രമണത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടേയില്ല.
പക്ഷെ തീരത്തെ താമസക്കാരുടെ മനസ്സില്‍ ഇപ്പോഴും വരാനിരിക്കുന്ന ദുരിതകാലത്തിന്റെ അലയടിക്കുകയാണ്.
വരാനിരിക്കുന്ന വറുതിയുടെ കാലത്ത് കടലാക്രമണത്തിന്റെ രൂക്ഷത കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പാണ് ഓരോ കടലോരത്തും 'വടക്കന്‍ കാറ്റ് ' കണ്ടത്.
ദുരിതതീരങ്ങളില്‍ ആശങ്കയോടെ
തിരയെ ഭയന്ന് ജീവിക്കുന്നവരുടെ നാടായി ജില്ലയിലെ ഓരോ കടല്‍ തീരവും മാറുകയാണ്. ഓരോ കാലവര്‍ഷക്കാലത്തും അതിരൂക്ഷമായ കടലാക്രമണമാണ് വലിയപറമ്പ് മുതല്‍ മഞ്ചേശ്വരം വരെയുള്ള കടലോരത്ത് ഉണ്ടാകുന്നത്. തകര്‍ക്കപ്പെടുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, അഭയാര്‍ഥികളാകേണ്ടി വരുന്ന അവസ്ഥ, പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്തത്ര ദുരിത പൂര്‍ണമായ സാഹചര്യം... ഇതൊക്കെയാണ് ഓരോ കടലാക്രമണ കാലത്തിന്റെയും ബാക്കി പത്രം. ഓരോ കാലവര്‍ഷത്തിലും ഉണ്ടാകുന്ന കടലാക്രമണങ്ങളിലെ ദുരിതങ്ങളുമായി പൊരുത്തപ്പെട്ടു പോയതിനാല്‍ കടലാക്രമണങ്ങളെ ചെറുക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന ആവശ്യവും ഉയരുന്നില്ലെന്ന് മാത്രമല്ല, കരിങ്കല്ല് കൊണ്ടുവന്ന് കടലില്‍ തള്ളുന്ന പണി എല്ലാക്കാലവും നടക്കുന്നുവെന്നു മാത്രം. ഇതാകട്ടെ ഓരോ കടലാക്രമണകാലത്തും കടല്‍ വിഴുങ്ങുന്ന കാഴ്ചയാണു കാണുന്നത്.
ജില്ലയിലെ 67 ശതമാനം കടല്‍ഭിത്തിയും കടലാക്രമണത്തെ പ്രതിരോധിക്കാന്‍ തക്ക പാകത്തിലുള്ളതല്ലെന്നാണു കണ്ടെത്തല്‍. സംസ്ഥാനത്തൊരിടത്തും തീരവാസികള്‍ നേരിടാത്ത ദുരിതമാണു ജില്ലയിലെ കടലോരവാസികള്‍ അനുഭവിക്കുന്നത്. പലരുടെയും സ്ഥലങ്ങള്‍ തന്നെ കടലെടുത്തു. സ്ഥലം ഇല്ലാതിരിന്നിട്ടുപോലും നികുതിയടക്കേണ്ടിവരുന്ന അവസ്ഥ മിക്ക സ്ഥലങ്ങളിലുമുണ്ട്. കടല്‍ രൗദ്രഭാവം പൂണ്ട് ആര്‍ത്തലച്ചെത്തുന്നത് പതിവാകുമ്പോഴും നാട്ടുകാരുടെ ദുരിതത്തിനു ശാശ്വതമായ അറുതിയുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ക്കു കഴിഞ്ഞിട്ടില്ല.
കടല്‍ഭിത്തി മാത്രമാണ് ഇവര്‍ക്കു നിര്‍ദേശിക്കാനുള്ള ഏക പരിഹാര മാര്‍ഗം. ഇക്കാലമത്രയും സര്‍ക്കാര്‍ കോടികള്‍ ചെലവിട്ടു നിര്‍മിച്ച കടല്‍ ഭിത്തിക്കു കടല്‍ ക്ഷോഭത്തെ തടുക്കാനായിട്ടില്ലെന്നതാണു വാസ്തവം. ഓരോ പ്രാവശ്യവും കടല്‍ ഭിത്തി തകരുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് അടുത്ത വര്‍ഷമായിരിക്കും.
അതിനിടയില്‍ വീണ്ടും കടലാക്രമണമുണ്ടാകുകയും കടല്‍ഭിത്തി തകരുകയും ചെയ്യുകയാണു പതിവ്. കടല്‍ഭിത്തിക്കായി കടലില്‍ കൊണ്ടിടുന്ന കരിങ്കല്ലിന്റെ അളവു സംബന്ധിച്ചോ നിര്‍മാണം സംബന്ധിച്ചോ ഒരു പഠനവും ആരും നടത്തുന്നില്ലെന്നതാണു യാഥാര്‍ഥ്യം. 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി'യെന്നതു പോലെയാണു കാര്യങ്ങള്‍.
പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് അവരെ കൂടി ഉള്‍പ്പെടുത്തിയുള്ള മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച ശേഷം കടല്‍ഭിത്തി നിര്‍മിച്ചാല്‍ കടലോരത്ത് താമസിക്കുന്നവര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതിയെങ്കിലും അറിയാന്‍ പറ്റുമായിരുന്നു.
വലിയ പുലിമുട്ടുകള്‍ കടലാക്രമണം തടയുമെന്നാണു പൊതുവേ പറയുന്നത്. എന്നാല്‍ കാസര്‍കോട് കടപ്പുറത്ത് പുലിമുട്ട് നിര്‍മിച്ചിട്ടും കടലാക്രമണത്തിന്റെ രൂക്ഷതക്ക് മാത്രം ഒരു കുറവുമില്ല.
വലിയപറമ്പ് പഞ്ചായത്ത്, കാഞ്ഞങ്ങാട് ചിത്താരി, അജാനൂര്‍,ഹോസ്ദുര്‍ഗ്, മരക്കാപ്പ് കടപ്പുറം, ബേക്കല്‍, കോട്ടിക്കുളം, പള്ളിക്കര, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിലെ കടല്‍തീരങ്ങള്‍ എല്ലാക്കാലവും രൂക്ഷമായ കടലാക്രമണത്തിനു വേദിയാവുകയാണ്.
വലിയപറമ്പ് പഞ്ചായത്തില്‍ നടന്ന കാറ്റാടിമരവല്‍ക്കരണം ഒരു പരിധിവരെ കടലാക്രമണത്തെ തടയുന്നുണ്ട്. എന്നാല്‍ ഈ പദ്ധതി ജില്ലയൊട്ടാകെ വ്യാപിപ്പിക്കാന്‍ അധികൃതര്‍ ഇതു വരെ തുനിഞ്ഞിട്ടില്ല. കടലില്‍ കല്ലിടുമ്പോലെയല്ലല്ലോ മരവല്‍ക്കരണമെന്നാണ് കടലോര ജനതയുടെ ചോദ്യം.
വറുതിക്കാലത്ത് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പ്പെടുക, തീരത്ത് കുടുംബങ്ങള്‍ അഭയാര്‍ഥികളാവുക, സൗജന്യറേഷന്‍ അടക്കമുള്ള സൗജന്യങ്ങള്‍...വരാനിരിക്കുന്ന കടലാക്രമണകാലത്ത് പ്രതീക്ഷിക്കേണ്ടത് ഇത്രമാത്രമെന്നാണ് ഓരോ കടലോരവാസിയും പറയുന്നത്.
കടലാക്രമണത്തിന്റെ ബാക്കിപത്രം
തീരദേശം കിലോമീറ്ററുകളോളം കടലെടുക്കും
തെങ്ങുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കടലെടുക്കും
വീടുകളും സ്ഥാപനങ്ങളും കടലാക്രണത്തില്‍ നശിക്കും
നശിപ്പിക്കപ്പെട്ടവയുടെ പുനര്‍ നിര്‍മാണത്തിന് വീണ്ടും സാമ്പത്തിക ചെലവ്
അഭയാര്‍ഥികളായി ദിവസങ്ങളോളം കഴിയേണ്ടിവരിക
കടലോരത്ത് താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടം
അപ്രതീക്ഷിത കടലാക്രമണത്തില്‍ തീരത്തെ വള്ളവും വലയും പൂര്‍ണമായും നശിക്കും
കടലിനോടു ചേര്‍ന്ന റോഡടക്കമുള്ള നിര്‍മാണ പ്രവൃത്തികളുടെ നാശം
കടലോരത്ത് പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങളുടെ വ്യാപനം
കടലോരത്തെ വിദ്യാലയങ്ങളിലെ അധ്യയനം മുടങ്ങും
കടലിലിടുന്നത് കോടികള്‍
പാളിപ്പോയ സുനാമി ഭവന പദ്ധതി
ഓരോ കാലവര്‍ഷത്തിലും കടലാക്രമണം തടയാനെന്ന പേരില്‍ കടലിലിടുന്നതു കോടികളാണ്. കടലാക്രമണ പ്രതിരോധത്തിനു ദീര്‍ഘകാല പദ്ധതികള്‍ പലതുണ്ടെങ്കിലും കരിങ്കല്‍ കടലില്‍ തള്ളുന്ന പണി മാത്രമാണ് ഇപ്പോള്‍ അധികൃതര്‍ നടത്തുന്നത്. രൂക്ഷമായ കടലാക്രമണം ഉണ്ടാകുമ്പോള്‍ വന്‍ തോതില്‍ കരിങ്കല്ല് കടലില്‍ തള്ളും.
ദുരന്തനിവാരണ പ്രവര്‍ത്തനമായതിനാല്‍ ഫണ്ടിന്റെ കാര്യത്തില്‍ ഒരുമുട്ടുമുണ്ടാവില്ല. ഒരു ചോദ്യവും ഉണ്ടാകില്ല. പിന്നീട് ഒരു പരിശോധനവും ഇതു സംബന്ധിച്ചു നടക്കുകയുമില്ല.
രൂക്ഷമായ സുനാമി തിരമാലകള്‍ ഉണ്ടായപ്പോഴാണ് കടലാക്രമണത്തെ ചെറുക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന ചിന്ത സര്‍ക്കാരിനുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ ധാരാളം വേരുകളുള്ള കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും രൂക്ഷമായ കടലാക്രമണമുണ്ടാകാറുള്ള പ്രദേശങ്ങളില്‍ നിന്നു താമസക്കാരെ മാറ്റിപാര്‍പ്പിക്കാനും തീരുമാനിച്ചു. ഇതിനായി സുനാമി പുനരധിവാസ പദ്ധതിയെന്ന പേരില്‍ ഭവന പദ്ധതിയും തയാറാക്കി.
എന്നാല്‍ ഭവന പദ്ധതി പ്രകാരം കടലോരത്തെ താമസക്കാര്‍ പലരും വീട് വാങ്ങിയെങ്കിലും കടലിലും മറ്റും ജോലി ചെയ്തു ജീവിക്കുന്ന പലരും ഇപ്പോഴും തീരം വിട്ടു പോയില്ല. തുടര്‍ന്ന് ആ പദ്ധതി തന്നെ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ നിര്‍മിച്ച വീടുകളില്‍ പലതിലും ആളുകള്‍ താമസിക്കുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്.
കടലാക്രമണ സമയത്ത് ചെയ്യുന്ന കരിങ്കല്‍ ഭിത്തികെട്ടല്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും സ്ഥിരമായി കടല്‍ സംരക്ഷണത്തിനു പദ്ധതികള്‍ ഉണ്ടാക്കണമെന്നുമാണു തീരദേശവാസികളുടെ അഭിപ്രായം. കടലോരത്തെ വനവല്‍ക്കരണം വലിയൊരളവുവരെ കടലാക്രമണം തടയുമെങ്കിലും അത്തരമൊരു രീതി വ്യാപകമാക്കാന്‍ അധികൃതര്‍ തുനിഞ്ഞിട്ടില്ല.
ചൂട് കൂടുന്നത്
കടലാക്രമണം ശക്തമാക്കും
സമുദ്രനിരപ്പ് ഉയരുമ്പോള്‍ കടലാക്രമണം കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) വിലയിരുത്തുന്നു
ചൂട് കൂടുന്നത് കേരള തീരങ്ങളിലെ സമദ്ര നിരപ്പ് ക്രമാതീതമായി ഉയര്‍ത്തുമെന്നും ഇതു രൂക്ഷമായ കടലാക്രമണത്തിനു വഴിവെക്കുമെന്നും പഠനം.
കേരളത്തിലെ വേലിയേറ്റവും വേലിയിറക്കങ്ങളും നോക്കി ജലത്തിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്.
സമുദ്രനിരപ്പ് ഉയരുമ്പോള്‍ കടലാക്രമണം കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) വിലയിരുത്തുന്നു.
1880 മുതലാണ് അന്തരീക്ഷത്തിലെ താപനില വച്ച് കടലിലെ ചൂടിന്റെ അളവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
2016 ലാണ് ഇതു വരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷവും ചൂട് കൂടുമെന്നാണു നിഗമനം.
അതുകൊണ്ടു തന്നെ കടലാക്രമണം കൂടുന്നതുപോലെ മത്സ്യങ്ങള്‍ സമുദ്രം വിട്ടുപോകാനും സാധ്യതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."