മരണം പതിയിരുന്ന നിപ നാളുകള്‍
ഭീതിയുണര്‍ത്തിയ ഒറ്റപ്പെടല്‍
സാബിത്തിനാണ് ആദ്യം പനി വന്നത്. സാധാരണ പനി. അതിത്തിരി കൂടുതല്‍. മകന്‍ സാബിത്തിന് അതിലപ്പുറം ഒന്നുമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല മറിയം. മക്കളേയും പ്രിയപ്പെട്ടവനേയും കൂടെ നിന്നാണ് പരിചരിച്ചത്.
'പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നിന്ന് സാബിത്തിനെ നോക്കിയത് ഞാനാണ്. ശരീരം തുടച്ചു കൊടുത്തതും കൂടെ നിന്ന് ഭക്ഷണം കൊടുത്തതുമെല്ലാം ഞാന്‍ തന്നെ. എന്റെ കൈകളിലേക്ക് ഛര്‍ദിക്കുക പോലും ചെയ്തിരുന്നു. സ്വാലിഹിനേയും മൂസക്കയേയും ഞാന്‍ കൂടെ നിന്നു തന്നെയാണ് പരിചരിച്ചത്'- ശുശ്രൂഷിച്ച നഴ്‌സ് ലിനിയും മൂസക്കയുടെ സഹോദരന്റെ ഭാര്യ മറിയവുമുള്‍പ്പെടെ നിഴലായി നിന്നവരെ പോലും നിപ കടന്നുപിടിച്ചപ്പോള്‍ താനെങ്ങനെ ബാക്കിയായതെന്ന് മറിയം കണ്ണീര് തുടച്ച് അതിശയപ്പെടുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കാന്‍ പടച്ചോന്‍ വിധിച്ചിട്ടുണ്ടാവണം. എല്ലാം അവന്റെ പരീക്ഷണമാണ്. അനുഭവിക്കുക തന്നെ, അവര്‍ നെടുവീര്‍പ്പിട്ടു.
വധശിക്ഷക്കു വിധിച്ച കുറ്റവാളികള്‍ മരണം കാത്തു കഴിയും പോലയായിരുന്നു ആ നാളുകളെന്ന് മുത്തലിബ് ഓര്‍ത്തെടുക്കുന്നു. ഏകാന്ത തടവുകാരായി മരണത്തെ മാത്രം പ്രതീക്ഷിച്ചു കഴിഞ്ഞ ദിനങ്ങള്‍. എല്ലാം ക്ഷമിച്ചു. സഹിച്ചു. പൊറുത്തു. അങ്ങനെ, ക്ഷമിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സുബര്‍ക്കം മാത്രം കിനാവു കാണാന്‍ അവര്‍ പഠിച്ചു.
നിപയേക്കാള്‍ പടര്‍ന്ന
വ്യാജവാര്‍ത്തകള്‍
നിപ വൈറസിനേക്കാള്‍ വേഗത്തിലാണ് വ്യാജപ്രചാരണങ്ങളുടെ വൈറസ് നാട്ടില്‍ പടര്‍ന്നത്. സാബിത്ത് നിപ വൈറസ് കൊണ്ടുവന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് വരെ ചിലര്‍ പറഞ്ഞു പരത്തി. എന്നാല്‍ ഇത്തരം യാത്രകളൊന്നും ഉണ്ടായിട്ടില്ലെന്ന് അവന്റെ പാസ്‌പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ഇല്ലാക്കഥകള്‍ മെനയുന്നത്. ഈ കഥകളാണ് തങ്ങളെ തനിച്ചാക്കിക്കളഞ്ഞതെന്നും അവരോര്‍ക്കുന്നു.
ചേര്‍ത്തു നിര്‍ത്തലിന്റെ നോമ്പും
ആഘോഷപ്പെരുന്നാളും
മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോഴെല്ലാം ഉമ്മാന്നൊരു വിളിയലക്കും മറിയത്തിന്റെ കാതുകളില്‍. മക്കളും പ്രിയപ്പെട്ടവനും ഇവിടെവിടെയോ നില്‍പുണ്ടെന്ന് തോന്നും. മരണമെന്ന യാഥാര്‍ഥ്യത്തെ മനസിലുറപ്പിക്കാന്‍ മൂസക്കയുടെ മയ്യിത്ത് പോലും കണ്ടിട്ടില്ലല്ലോ.
ഉപ്പയോടും ഇക്കാക്കമാരോടൊത്തുമുള്ള നോമ്പുതുറയും തറാവീഹ് നിസ്‌കാരവും രാത്രി വൈകി പള്ളിയില്‍ നിന്ന് വീട്ടിലേക്കുള്ള നടത്തവുമൊക്കെയാണ് മുത്തലിബിന്റെ ഓര്‍മകളില്‍. റമദാന്‍ തുടങ്ങിയാല്‍ പിന്നെ ഉപ്പയുടെ ജീവിത രീതി മുഴുവന്‍ മാറും. സദാ സമയവും പള്ളിയിലും മറ്റും പ്രാര്‍ഥനയില്‍ മുഴുകി കഴിയും. യതീംഖാനയിലേക്കുള്ള പിരിവിന്റെ ചുമതലയും ഉപ്പയ്ക്കായിരുന്നു. കുഞ്ഞനിയനെ ഒത്തിരി ഇഷ്ടായിരുന്നു ഇക്കാക്കമാര്‍ക്ക്. കളിയും തമാശയുമായി അവനെ ചേര്‍ത്തു നിര്‍ത്തും അവരെപ്പോഴും. പെരുന്നാള്‍ ദിനത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഉപ്പയുടെ വകയും ഇക്കാക്കമാരുടെ വകയും അവന് പെരുന്നാള്‍ കോടിയുണ്ടാവും. ഉച്ചഭക്ഷണത്തിനു ശേഷം അവര്‍ ഉമ്മയേയും കൂട്ടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനിറങ്ങും. 'ഉപ്പയുടെ സ്‌കൂട്ടറില്‍ ഉമ്മയും സാബിത്ത് ഇക്കാന്റെ ബൈക്കില്‍ ഞാനും സ്വാലിഹ് ഇക്കായും ഉണ്ടാവും' ആ യാത്രയുടെ സുഖം, സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് മുത്തലിബ്. ഈ പെരുന്നാളിനും പോണം ഉമ്മാനേം കൂട്ടി കുടുംബക്കാരെ വീട്ടില്‍. ഓര്‍മകളുടെ തിരതല്ലലില്‍ മുത്തലിബ് ഈറനായി.
സ- മറിയം ദമ്പതികള്‍ക്ക് നാല് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ മകന്‍ മുഹമ്മദ് സാലിം 2013ല്‍ ബൈക്ക് അപകടത്തില്‍ മരിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴായിരുന്നു അപകടം. സൂപ്പിക്കടയിലെ വീട് വിറ്റ് ഇവര്‍ കുറച്ച് ദൂരത്ത് ആപ്പറ്റയില്‍ മറ്റൊരു വീടും സ്ഥലവും വാങ്ങിയിരുന്നു. മൂത്ത മകന്‍ സ്വാലിഹിന്റെ കല്യാണവും ഗൃഹപ്രവേശനവും നടത്താനായിരുന്നു തീരുമാനം.
ഇന്ന് മറിയവും മകന്‍ മുത്തലിബും ആപ്പറ്റയിലെ വീട്ടിലേക്ക് മാറിയിട്ടുണ്ടെങ്കിലും അവിടെ താമസം മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്. മുത്തലിബ് ഹോസ്റ്റലില്‍ നിന്ന് വരുമ്പോഴാണ് ഇരുവരും പുതിയ വീട്ടിലേക്ക് പോവുക. മറ്റ് ദിവസങ്ങളില്‍ മറിയം സമീപത്തുള്ള സഹോദരിയുടേയോ സഹോദരന്റേയോ വീട്ടിലായിരിക്കും താമസം. നോമ്പിന് ഹോസ്റ്റല്‍ അടച്ചതുകൊണ്ട് ഈ ഉമ്മയും മകനും ഇപ്പോള്‍ പുതിയ വീട്ടില്‍ തന്നെയാണ്. പേരാമ്പ്ര ജബല്ലുന്നൂര്‍ കോളജില്‍ സോഷ്യോളജി ബിരുദ വിദ്യാര്‍ഥിയാണ് മുത്തലിബ്.
മൂസക്കയ്ക്കായി
ഉംറ ചെയ്തു
ഒരിക്കലും നിനച്ചതല്ല മൂസക്കാന്റെ ഏറ്റവും വലിയ ആശ നിറവേറ്റാനുള്ള യോഗം തനിക്കായിരിക്കുമെന്ന് മൂസക്കക്കായി ഉംറ ചെയ്തത് ഓര്‍ത്തെടുത്ത് മറിയം പറഞ്ഞു. ഉംറ ചെയ്യാനും ഹജ്ജിന് പോകാനുമെല്ലാം വലിയ ആശയായിരുന്നു മൂസക്ക്. മറിയവും മകനും പരിശുദ്ധ മണ്ണില്‍ പോയി മൂസക്കും രണ്ടാണ്‍മക്കള്‍ക്കുമായി ഉംറ ചെയ്തു. ഇനി ഉപ്പക്കു വേണ്ടി ഒരു ഹജ്ജ് കൂടി ചെയ്യണം. അതാണ് ഈ റമദാനിലെ ഏറ്റവും വലിയ പ്രാര്‍ഥന. പുതുമണം മാറാത്ത വീടിന്റെ ഉമ്മറത്ത് ആ ഉമ്മയും മകനും വീണ്ടും മൗനികളായി.
മരണം മണക്കുന്ന വാര്‍ഡില്‍
ജീവന്‍ രക്ഷിക്കാനിറങ്ങിയവര്‍
ഒന്നാഞ്ഞു ശ്വസിക്കാന്‍ പോലും മടിച്ചു നിന്ന കോഴിക്കോടിന്റെ മണ്ണിലേക്കാണ് ഫൈറ്റ് ഫോര്‍ ലൈഫിന്റെ (fight4life) പ്രവര്‍ത്തകനായ സിറാജും സുഹൃത്തുക്കളായ ആബിദ്, റഷീദ്, ആരിഫ്, റിയാസ്, മഹമൂദ് എന്നിവരും വയനാടന്‍ ചുരമിറങ്ങിയത്. നിപ രോഗികള്‍ക്കായി ഐസൊലേഷന്‍ വാര്‍ഡൊരുക്കുക എന്നതായിരുന്നു ദൗത്യം. മരുന്നിനേക്കാള്‍ മരണം മണക്കുന്ന ആളൊഴിഞ്ഞ ഇടനാഴികള്‍. കത്തുന്ന വെയിലില്‍ പോലും ഇരുണ്ട മൗനം പതിയിരിക്കുന്ന ഭീതിയാര്‍ന്ന മുറികള്‍. മുഖംമൂടി നടക്കുന്ന പരസ്പരം നോക്കാന്‍ പോലും ഭയക്കുന്ന കുറേ മനുഷ്യജീവികള്‍. ഇതൊക്കെയായിരുന്നു അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ്. മനുഷ്യത്വം ഭയത്തിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കാത്ത വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് അവിടെ ബാക്കിയായിരുന്നത്.
ഡോ. ജയേഷ് വിളിച്ചു,
സിറാജ് പാഞ്ഞെത്തി
നിപ ബാധിതരുടെ ചികിത്സക്കായി അടിയന്തരമായി പ്രത്യേക സൗകര്യമൊരുക്കണം. ഐസൊലേറ്റഡ് റൂമുകള്‍ ഒരുക്കണം. വെന്റിലേഷന്‍ സൗകര്യപ്പെടുത്തണം. അവിടേക്ക് ഓക്‌സിജന്‍ എത്തിക്കണം. റൂമുകള്‍ ജനലുകളും വാതിലുകളും നല്ല രീതിയില്‍ ബന്തവസ് ചെയ്യണം, അലൂമിനിയം വാതിലുകള്‍ വയ്ക്കണം, പെയിന്റിങ് ചെയ്യണം, എ.സി ഫിറ്റ് ചെയ്യണം, ഇതിനൊക്കെ ആവശ്യമായ രീതിയില്‍ കറന്റ് ഒരുക്കണം. ഏത് സാഹചര്യത്തെയും നേരിടാനും ചികിത്സിക്കാനും ഡോക്ടര്‍മാര്‍ തയ്യാറായിരുന്നു. പക്ഷേ റൂമൊരുങ്ങണ്ടേ. പ്രത്യേക സാഹചര്യമൊരുക്കിയിെല്ലങ്കില്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരും സാധാരണ മെഡിക്കല്‍ കോളജ് എന്നു കേട്ടാല്‍ പറന്നു വരാറുള്ള കരാറുകാരും കയ്യൊഴിഞ്ഞു. ഇങ്ങനെ ഹോസ്പിറ്റല്‍ സൂപ്രണ്ടിന്റെയും, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെയും, ഡോക്ടര്‍മാരുടെയും ആശങ്കകള്‍ക്ക് മുന്‍പിലേക്കാണ് ജയേഷ് ഡോക്ടര്‍, സിറാജ് എന്ന സാധ്യതയുമായി എത്തുന്നത്.
'ജയേഷ് സാര്‍ വിളിച്ചു. പിന്നൊന്നും നോക്കിയില്ല. ഞാനങ്ങ് പോയി' സിറാജ് പറയുന്നു. കൂട്ടിന് ചങ്ങാതിമാരേയും കൂട്ടി. മെഡിക്കല്‍ കോളജിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സഹായിയായി സേവനം ചെയ്യുന്നതിനിടയിലുള്ള ബന്ധമായിരുന്നു ഡോക്ടറുമായി. വൈകീട്ട് നോമ്പുതുറന്ന ശേഷം വൈത്തിരിയില്‍നിന്നു ഞങ്ങള്‍ ബസില്‍ കയറി നേരെ മെഡിക്കല്‍ കോളജിലെത്തി.
അവിടെ എത്തിയപ്പോയാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. എന്നാലും ഒട്ടും ശങ്കിച്ചില്ല. പരിശുദ്ധ റമദാനില്‍ ദൈവം ഞങ്ങളെ ഏല്‍പ്പിച്ച മഹത്തായൊരു കര്‍മമായി ഞങ്ങളാ വെല്ലുവിളി ഏറ്റെടുത്തു. പിറ്റേന്ന് നോമ്പു തുറക്കു മുന്‍പേ കര്‍മരംഗത്തിറങ്ങി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. ശ്രീജിത്, ഡോ. കുര്യാക്കോസ്, ഡോ. ജയേഷ്, ഡോ. ഡാനിഷ്, അക്കൗണ്ടന്റ് അനില്‍കുമാര്‍ എന്നിവരുടെ പിന്തുണ ഞങ്ങള്‍ക്ക് വിലപ്പെട്ടതായിരുന്നു.
ജോലിയെടുക്കുമ്പോള്‍ യൂനിഫോം ധരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വളരെ കട്ടികൂടിയ വസ്ത്രങ്ങളും കയ്യുറകളും കുറച്ചല്ലാത്ത പ്രയാസം സൃഷ്ടിച്ചു. അതേപോലെ ബയോകെമിക്കല്‍ ഓക്‌സിജന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലുള്ള പരിചയക്കുറവ് മറ്റൊരു പ്രതിസന്ധിയായിരുന്നു. മെഡിക്കല്‍ കോളജ് ഇലക്ട്രിക്കല്‍ വിങ്ങിലെ വിനോദ്, ഓവര്‍സിയര്‍ ഹരീഷ് എന്നിവരുടെ പൂര്‍ണ സഹകരണം മറക്കാനാവാത്തതാണ്.
തുറയും അത്താഴവുമില്ലാത്ത നോമ്പ്
നോമ്പു തുറയും അത്താഴവുമൊക്കെ പലപ്പോഴും സ്വാഹയായിരുന്നു. നോമ്പ് തുറക്കുമ്പോള്‍ എന്താണോ ലഭിച്ചത് അത് ഭക്ഷിച്ചു. പലപ്പോഴും വെള്ളവും ബിസ്‌കറ്റുമായിരുന്നു കഴിച്ചിരുന്നത്. ഡോക്ടര്‍മാരും എന്തെങ്കിലുമൊക്കെ എത്തിച്ചു. ഹോട്ടലുകളെല്ലാം അടച്ചിട്ടിരുന്നല്ലോ. പ്രിന്‍സിപ്പലാണ് ആദ്യ ദിവസം അത്താഴമെത്തിച്ചത്. തിരക്കിട്ട പണികള്‍ക്കിടയില്‍ അവിടെ തന്നെ പേപ്പര്‍ വിരിച്ചു നിസ്‌കരിച്ചു. പണി നടക്കുന്ന വാര്‍ഡിന്റെ മൂലയില്‍ ചാഞ്ഞിരുന്ന് ഉറക്കം. നിപ നാളുകള്‍ സിറാജ് ഓര്‍ത്തെടുക്കുന്നു. ഒരു നോമ്പും ഒഴിവാക്കിയില്ല. പടച്ച തമ്പുരാന് ആയിരം സ്തുതി. അവന്‍ പകര്‍ന്നു തന്ന മനോധൈര്യത്തില്‍ ഞങ്ങള്‍ എല്ലാം ഭംഗിയാക്കി. റമദാനില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ പൂണ്യമായി ഇന്നുമത് മനസില്‍ സൂക്ഷിക്കുന്നു.
അയിത്തം കല്‍പ്പിക്കപ്പെട്ട
നാളുകള്‍
ഇന്ന് എല്ലാവരും തങ്ങളുടെ പ്രവൃത്തിയെ വാഴ്ത്തിപ്പാടുന്നുണ്ടെങ്കിലും അയിത്തം കല്‍പ്പിക്കപ്പെട്ട കുറച്ചു നാളുകള്‍ തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്ന് സിറാജ് ഓര്‍ക്കുന്നു. നിപ 'യുദ്ധക്കളത്തില്‍' നിെന്നത്തിയ തങ്ങളെ എല്ലാവരും ഭീതിയോടെയായിരുന്നു നോക്കിയത്. ആരും അടുക്കാതെയായി. കാണുന്നവര്‍ വഴി മാറി നടന്നു. എന്നാല്‍ തന്റെ നല്ല പാതി റജീന തുണയായി കൂടെയുണ്ടായിരുന്നു, നിറഞ്ഞ ചിരിയില്‍ സിറാജ് പറഞ്ഞു. മൂന്ന് ആണ്‍മക്കളാണ് സിറാജിന്.
പരാതിയായി കാണരുതെന്ന് പറഞ്ഞ് ഒരു കുഞ്ഞുകാര്യം കൂടി സിറാജ് പറഞ്ഞുവച്ചു. ജീവന്‍ പണയം വച്ച് ജീവന്‍ രക്ഷിക്കാനിറങ്ങിയവര്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാറിന്റെ ഭാഗത്തു നിന്നു പോലുമുണ്ടായില്ലെന്നൊരു സങ്കടം. അന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാരെല്ലാം കൂലിപ്പണിക്കാരാണ്. വല്ലപ്പോഴും പണിയുള്ളവര്‍. സര്‍ട്ടിഫിക്കറ്റു പോലും വെറുതേ അങ്ങ് തരികയായിരുന്നു. മാധ്യമങ്ങളും തങ്ങളെ കുറിച്ച് അന്വേഷിച്ചില്ലെന്നൊരു കുഞ്ഞു പരിഭവവും സിറാജ് ചേര്‍ത്ത് വയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."