ഡി.എം.കെ മുഹമ്മദ് വീണ്ടും കോണ്‍ഗ്രസില്‍: ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി
കാസര്‍കോട്: കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കു വിമതനായി മത്സരിച്ച മുന്‍ മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.എം.കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചു ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടി, ഡി.സി.സി ഭാരവാഹികളായ എ. ഗോവിന്ദന്‍ നായര്‍, കേശവപ്രസാദ് നാണിത്തിലു, സുന്ദര ആരിക്കാടി, എം.ബി പ്രഭാകരന്‍, ധന്യാ സുരേഷ്, വി.ആര്‍ വിദ്യാസാഗര്‍, കെ.വി സുധാകരന്‍, കെ. സാനുക്കുട്ടി, സെബാസ്റ്റ്യന്‍ പടാലി, ഹരീഷ് പി. നായര്‍ എന്നിവരടക്കം പതിമൂന്നോളം പേരാണ് രാജിവച്ചത്്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷനില്‍ ഹര്‍ഷദ് വോര്‍ക്കാടിക്കെതിരേ ഡി.എം.കെ മുഹമ്മദ് വിമതനായി മത്സരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.
വിമതനായി മത്സരിച്ചതിനു ശേഷവും സി.പി.എം വേദികളില്‍ സംസാരിക്കുകയും നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്ത ഇയാളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായോ മറ്റു പ്രാദേശിക കമ്മിറ്റികളുമായി ആലോചിച്ചിരുന്നില്ലെന്നു രാജി വച്ച അംഗങ്ങള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അതിനു ചില ചട്ടങ്ങള്‍ ഉണ്ടെന്നും ചട്ടങ്ങള്‍ മറികടന്നാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തതെന്നും രാജിവച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
ഈ തീരുമാനം കെ.പി.സി.സി പുനഃപരിശോധിക്കണം. കെ.പി.സി.സിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമാണു തന്റെ രാജിയെന്നും കൂടുതല്‍ പരാതികളൊന്നുമില്ലെന്നും രാജിവച്ച ജില്ലാ പഞ്ചായത്തംഗം ഹാഷിം വൊര്‍ക്കാടി പറഞ്ഞു.
അതേ സമയം, ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തതായുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടതല്ലാതെ കെ.പി.സി.സി നേതൃത്വത്തിന്റെ ഔദ്യോഗിക അറിയിപ്പൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ പറഞ്ഞു.
തനിക്കു ലഭിച്ച രാജിക്കത്തുകള്‍ സംസ്ഥാന നേതൃത്വത്തിനു അയച്ചു കൊടുത്തതായും അദ്ദേഹം പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."