പുതുതായി ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്കെതിരേ നാട്ടുകാര്‍
രാജപുരം: നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും മടിക്കൈ പഞ്ചായത്തിലെ മണക്കടവ് പ്രദേശത്ത് പുതുതായാരംഭിക്കുന്ന ശുദ്ധജല വിതരണ പദ്ധതി പ്രദേശത്തെ ജനത്തെ ആശങ്കയിലാഴ്ത്തുന്നു. നാലു വര്‍ഷം മുന്‍പാണ് പദ്ധതി അംഗീകരിച്ചത്. നിലവില്‍ ഇതേ സ്ഥലത്തു നിന്നു 15 എച്ച്.പി പവറില്‍ നാലു പമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ 10 എച്ച്.പി പവറില്‍ പുതിയ പമ്പിങ് ചെയ്യാനാണ് വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
വിശാലമായ മടിക്കൈ വയല്‍, തീയ്യര്‍പ്പാലം, കണിച്ചിറ, കാലിച്ചാംപൊതി, ആലയി, നഗരസഭയിലെ അരയി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍നല്ലൊരു ഭാഗവും മണക്കടവ് വഴി വരുന്ന ഈ ചെറിയ തോടിന്റെ ജല ലഭ്യതയെ ആശ്രയിച്ചാണു കഴിയുന്നത്.
വാഴ, നെല്ല്, നാളികേരം തുടങ്ങിയവ കൃഷി ചെയ്യുന്ന ഇവിടുത്തെ കര്‍ഷകര്‍ക്ക് കൃഷിക്കും വീട്ടാവശ്യത്തിനും തോട്ടിലെ വെള്ളം തികയാത്ത അവസ്ഥയാണ്. പഴയ പദ്ധതി വന്നതിനു ശേഷം ഈ പ്രദേശങ്ങളില്‍ ഉണ്ടായ ജനസാന്ദ്രതയും പാര്‍പ്പിടങ്ങളുടെ പെരുപ്പവും കണക്കിലെടുത്താല്‍ തന്നെ ഇനി വരും കാലം ജല ഉപയോഗം വര്‍ധിക്കുന്നതല്ലാതെ കുറയാന്‍ സാധ്യതയില്ല. പുതിയ 10 എച്ച്.പി പമ്പിങ് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ ജലം തോടില്‍ നിന്നു നഷ്ടപ്പെടുമെന്നതാണ് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. ഇതോടെ താരതമ്യേന കുടിവെള്ളക്ഷാമം രൂക്ഷമല്ലാത്ത പ്രദേശവും ശുദ്ധജലത്തിനായി സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ടി വരും. കാലങ്ങളായി തുടര്‍ന്നു വരുന്ന ജീവിത മാര്‍ഗവും സ്വന്തം നിലനില്‍പ്പും അവതാളത്തിലാക്കുന്ന അധികൃതരുടെ ഈ നീക്കം ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. പദ്ധതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശങ്കകള്‍ തീര്‍ക്കാതെ പുതിയ പദ്ധതി അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അധികൃതരുമായി ബന്ധപ്പെടാനും നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."