നഗരം നടുങ്ങി, പൊലിസ് വീഴ്ചയെന്ന് ആക്ഷേപം
കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാസംഘം മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നഗരം നടുങ്ങി. സംഭവത്തില്‍ പൊലിസിന്റെ വീഴ്ചയെന്ന് പരക്കെ ആക്ഷേപം. മാധ്യമപ്രവര്‍ത്തകന്‍ കെ. വിനോദ് ചന്ദ്രനും ഭാര്യ പി. സരിത എന്നിവരെ അക്രമിച്ച് കെട്ടിയിട്ട ശേഷമാണു താഴെചൊവ്വ തെഴുക്കിലെപീടിക ഉരുവച്ചാല്‍ റെയില്‍വേ ഗേറ്റിനടുത്ത വാടക വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ വന്‍ കവര്‍ച്ച അരങ്ങേറിയത്.
ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പിഴ ഈടാക്കാന്‍ വാഹന പരിശോധനക്ക് പകല്‍ പൂര്‍ണമായും ചെലവഴിക്കുന്ന പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കുന്നില്ലെന്നാണ് ആരോപണം. ഇതിന്റെ ഉദാഹരണമാണു തെഴുക്കിലെപീടികയിലെ വീട്ടില്‍ ദമ്പതികളെ മണിക്കൂറുകളോളം കെട്ടിയിട്ട് വന്‍ കവര്‍ച്ച നടന്നതെന്നും ആക്ഷേപമുയര്‍ന്നു.
ഏറെ സാഹസത്തിനൊടുവില്‍ വിനോദ് ചന്ദ്രന്‍ കെട്ടഴിച്ച ശേഷം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് സ്ഥലത്തെത്തിയത്. ഈസമയം വിനോദും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മോഷ്ടാക്കളുടെ ആക്രമണത്തില്‍ അവശരായ ദമ്പതികള്‍ പൊലിസിനെ വിവരമറിയിക്കാന്‍ വൈകിയിരുന്നെങ്കില്‍ വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു. വിനോദിന്റെ കണ്ണിനു മോഷണസംഘത്തിന്റെ ആക്രമണത്തില്‍ സാരമായ പരുക്കുണ്ട്.
വിനോദിന്റെ വീടിനു സമീപത്തെ ഡോ. സോണിയുടെ വീടിന്റെ പൂട്ടുപൊളിച്ച് തകര്‍ക്കാനും ശ്രമമുണ്ടായി.
ഇന്‍ഡിക്ക കാറിലെത്തിയ അഞ്ചംഗ സംഘമാണു മോഷണം നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. ആന്ധ്രയിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷണസംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണു പൊലിസിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇവര്‍ കണ്ണൂരിലെത്തിയിട്ടുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."