കിടന്നകിടപ്പില്‍ ആറുമാസം മണിക്ക് എഴുന്നേല്‍ക്കണം; കുടുംബത്തിനു വേണ്ടി
മീനങ്ങാടി: അപകടം മൂലം കിടപ്പിലായ അവസ്ഥയില്‍ നിന്നു മോചനം നേടാന്‍ ഉദാരമതികളുടെ സഹായംതേടുകയാണ് മണി എന്ന യുവാവ്.
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കാക്കവയല്‍ കുട്ടിരായിന്‍ പാലം ശ്രീപുരം വീട്ടില്‍ എസ് മണികണ്ഠന്റെ ജീവിതം തകര്‍ത്തത് തമിഴ്നാട് ഇളുപ്പൂരിലുള്ള ഭാര്യ വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോ മറിഞ്ഞുണ്ടായ അപകടമാണ്.
ഗുരുതര പരുക്കേറ്റ മണികണ്ഠന് വിദഗ്ധ ചികിത്സയുടെ അഭാവമാണ് വിനയായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനുണ്ടായ അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേറ്റ മണികണ്ഠനെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസത്തോളം ചികില്‍സിച്ചെങ്കിലും വേദനയും ചലിക്കാന്‍ കഴിയാത്ത അവസ്ഥയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കെത്തിച്ചു.
ഇതോടെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സ മതിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.
ഇവിടെ നിന്നു ലഭിച്ച ചികിത്സയാണ് അല്പമെങ്കിലും ആശ്വാസമായതെന്ന് മണിയുടെ അമ്മ വല്ലിയമ്മ പറയുന്നു. ഈ കിടപ്പില്‍ നിന്നു മണി ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കില്‍ ലക്ഷങ്ങള്‍ വേണമെങ്കിലും ദേശീയപാതയോരത്തെ പുറമ്പോക്കില്‍ താമസിക്കുന്ന മണിക്കും കുടുംബത്തിനും നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയാണ്.
ഭാര്യ പ്രിയ, മൂന്നു വയസുകാരിയായ മകള്‍ ഹര്‍ഷിനി, നാലുമാസം പ്രായമുള്ള മകന് ഹര്ഷന് എന്നിവരടങ്ങിയ കുടുംബത്തിന്റെ നിത്യചെലവിനായി വയ്യായ്മയിലും കൂലിപ്പണിക്കു പോവുകയാണ് അമ്മ വല്ലിയമ്മ.
തുടര്‍ച്ചയായ കിടപ്പുകാരണം മണിയുടെ ശരീരത്തില്‍ മുറിവുകളുമുണ്ടായിട്ടുണ്ട്. കിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്ന അവസ്ഥയില്‍ നിന്നു മാറി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനെങ്കിലും കിടക്കയില്‍ നിന്നും ഒന്നെഴുന്നേല്ക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മണികണ്ഠനുള്ളത്.
ഇതിന് ഉദാരമതികളുടെ സഹായം തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മണിയും കുടുംബവും.
സഹായങ്ങള്‍ സ്വീകരിക്കാനായി മീനങ്ങാടി ഫെഡറല്‍ ബാങ്കിലെ മണിയുടെ പേരില്‍ 17710100046403 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. എഫ്.ഡി.ആര്.എല്‍0001771 എന്നതാണ് മീനങ്ങാടി ഫെഡറല്‍ ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."