അഫ്‌സ്പ മാത്രമല്ല, ഭീകരര്‍ വേറെയുമുണ്ട്
സോപൂരിലെ അധ്യാപകന്റെ കഥപറഞ്ഞത് ഡി.എന്‍.എ ബ്യൂറോ ചീഫ് ഇഫ്തിഖാര്‍ ഗിലാനിയാണ്. കശ്മിരില്‍ സായുധാക്രമണം തുടങ്ങിയ 1990 കളിലാണു സംഭവം നടക്കുന്നത്. ഇന്ത്യന്‍ സൈന്യം സോപൂരിലെ സര്‍ക്കാര്‍ കോളജ് ഹോസ്റ്റല്‍ സൈനിക ക്യാംപാക്കി മാറ്റി. അവിടെ ബങ്കറുകള്‍ നിര്‍മിക്കാന്‍ ജോലിക്കാരെ വിളിക്കുന്നതിനു പകരം സൈന്യം വിദ്യാര്‍ഥികളെ ബലമായി പിടിച്ചുകൊണ്ടുപോയി അടിമപ്പണിയെടുപ്പിച്ചു.
അതിലൊരാള്‍ കോളജില്‍ ഒരുദിവസം മുന്‍പ് അധ്യാപകനായി ജോലിക്കു പ്രവേശിച്ചയാളായിരുന്നു. അയാള്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും സൈന്യവുമായി തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം മുറുകിയതോടെ സൈനികരിലൊരാള്‍ തോക്കുകൊണ്ട് അധ്യാപകന്റെ മുഖത്തിടിച്ചു. ഇതു കണ്ടുവന്ന ക്യാംപിന്റെ ചുമതലയുണ്ടായിരുന്നു മേജര്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍ പരുക്കേറ്റ അധ്യാപകനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.
അധ്യാപകന്റെ മൂക്കിനുള്ളില്‍ പൊട്ടലേറ്റിരുന്നു. അന്നു വൈകിട്ട് വിദ്യാര്‍ഥികളെയെല്ലാം സൈനികര്‍ തിരികെ വിട്ടെങ്കിലും പരുക്കുമാറുന്നതു വരെ ക്യാംപിന്റെ സൗകര്യത്തില്‍ കഴിയാന്‍ അധ്യാപകനെ മേജര്‍ നിര്‍ബന്ധിച്ചു.
അധ്യാപകന്റെ നിര്‍ഭാഗ്യത്തിന് തൊട്ടടുത്ത ദിവസം ഒരു ബ്രിഗേഡിയര്‍ ക്യാംപില്‍ അപ്രതീക്ഷിതമായി പരിശോധനയ്ക്കു വന്നു. സൈനിക ക്യാംപിനുള്ളില്‍ എന്തിനാണു സിവിലിയനെ താമസിപ്പിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് മേജര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.
അധ്യാപകനെ വിട്ടയക്കുന്നതിനു പകരം ശ്രീനഗറിലെ സൈനികാസ്ഥാനത്തേയ്ക്കു കൊണ്ടുപോവുകയാണു ബ്രിഗേഡിയര്‍ ചെയ്തത്. സംശയകരമായ സാഹചര്യത്തില്‍ ക്യാംപിനുള്ളില്‍ കണ്ടെന്നാരോപിച്ചു അധ്യാപകനെ പൊലിസിനു കൈമാറുകയും ചെയ്തു. പൊലിസ് ഒരു കേസുമില്ലാത്ത അധ്യാപകനെ പബ്ലിക് സെക്യൂരിറ്റി ആക്ട് (പി.എസ്.എ) ചുമത്തി അകത്തിട്ടു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉദംപൂര്‍ ജയിലില്‍നിന്നു പോസ്റ്റ് കാര്‍ഡ് കിട്ടുമ്പോഴാണ് അധ്യാപകന്റെ മാതാപിതാക്കള്‍ മകന്‍ എവിടെയാണെന്ന് അറിയുന്നത്. മാതാപിതാക്കള്‍ അധ്യാപകനെ രക്ഷിക്കാന്‍ പലവഴിയും നോക്കി. കോടതി പലതവണ തടവുശിക്ഷ റദ്ദാക്കി. എന്നാല്‍, ഓരോ തവണയും വീണ്ടും പി.എസ്.എ ചുമത്തി അധ്യാപകനെ ജയിലില്‍ത്തന്നെ നിര്‍ത്തി. ഒരു കുറ്റവും ചെയ്യാതെ അധ്യാപകന്‍ ജയിലില്‍ക്കിടന്നത് ഏഴു വര്‍ഷം.
ദക്ഷിണ കശ്മിര്‍ ബദാഗുണ്ട് ഗ്രാമത്തിലെ പീര്‍സാദ മുഹമ്മദ് അഷ്‌റഫിന്റെയും കഥ സമാനമാണ്. 2004 ല്‍ അനന്ത്‌നാഗില്‍ നടന്ന ഗ്രനേഡ് ആക്രമണക്കേസിലാണു പീര്‍സാദയെ പൊലിസ് പിടിച്ചുകൊണ്ടുപോയത്. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥിയായിരുന്ന പീര്‍സാദയ്ക്ക് ആക്രമണവുമായൊന്നും ബന്ധമില്ലായിരുന്നു.
ഇതു കണ്ടെത്തിയ കോടതി 13 തവണ ജാമ്യം നല്‍കിയെങ്കിലും പൊലിസ് വിട്ടയച്ചില്ല. ഒരു തവണ സര്‍ക്കാര്‍ തന്നെ ഇടപെട്ട് പി.എസ്.എ പിന്‍വലിച്ചപ്പോള്‍ പൊലിസ് മറ്റൊന്നു ചുമത്തി. 14 വര്‍ഷമായി വിചാരണയില്ലാത്ത പീര്‍സാദ അനന്ത്‌നാഗ് ജയിലിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത പൊലിസ് ഓരോ തവണ ജാമ്യം ലഭിക്കുമ്പോഴും പി.എസ്.എ ചുമത്തി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കും.
കശ്മിരിലെ ഏറ്റവും സര്‍ക്കുലേഷനുള്ള ഉറുദു വാരിക 'ചട്ടാന്റെ' റിപ്പോര്‍ട്ടറായിരുന്ന മുഹമ്മദ് മഖ്ബൂല്‍ കോക്കറിനെ 2004 സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തത് ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റത്തിനായിരുന്നു. ഓഫിഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം തെളിവില്ലെന്നു കണ്ടപ്പോള്‍ പി.എസ്.എ ചുമത്തി ജയിലിലിട്ടു. മൂന്നുവര്‍ഷത്തിനിടയില്‍ മൂന്നുതവണ ഹൈക്കോടതി പി.എസ്.എ റദ്ദാക്കിയിട്ടും പൊലിസ് വിട്ടില്ല.
പീര്‍സാദയുടെതു പോലെത്തന്നെയാണ് ബാരാമുല്ലയിലെ ഫയാസ് അഹമ്മദിന്റെയും കേസ്. 2008ല്‍ ഫയാസ് അറസ്റ്റിലാകുമ്പോള്‍ 18 തികഞ്ഞിരുന്നില്ല. എന്നാല്‍, വയസ് 28 എന്നെഴുതിച്ചേര്‍ത്തു പി.എസ്.എ ചുമത്തി. 2018 നവംബര്‍ ആദ്യത്തില്‍ കോടതി പി.എസ്.എ എടുത്തു കളഞ്ഞപ്പോള്‍ അതേ മാസം ആറിന് പൊലിസ് വീണ്ടും പി.എസ്.എ ചുമത്തി.
ഇഷ്ഫാഖ് അഹമ്മദിനെ ആറു മാസം മുന്‍പ് പൊലിസ് പി.എസ്.എ പ്രകാരം ഹരിയാന ജയിലിലിട്ടത് ഹരിയാനയിലെ അദ്ദേഹത്തിന്റെ കടയില്‍ ലഷ്‌ക്കറെ ത്വയ്ബ പ്രവര്‍ത്തകന്‍ സാധനം വാങ്ങാന്‍ വന്നുവെന്നാരോപിച്ചാണ്. മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സഖ്യ സര്‍ക്കാര്‍ ഭരിച്ച 1,100 ദിവസത്തിനിടയില്‍ 1,200 പേരെയാണ് പി.എസ്.എ ചുമത്തി അകത്തിട്ടത്. ശരാശരി ദിവസം ഒന്നിലധികം പേര്‍. അറസ്റ്റിലായവരില്‍ ഭൂരിഭാഗം യുവാക്കളും രാഷ്ട്രീയ പ്രകടനം നടത്തിയതുള്‍പ്പടെയുള്ള നിസാര കുറ്റങ്ങള്‍ ചെയ്തവരായിരുന്നു.
കുറ്റമൊന്നും ചെയ്യാതെ വിചാരണയില്ലാതെ കരിനിയമങ്ങളില്‍ മാത്രം കുരുങ്ങി ജയിലില്‍കിടക്കുന്ന ആയിരത്തിലധികം പീര്‍സാദമാരുണ്ട് കശ്മിരില്‍. ഭൂരിഭാഗവും പി.എസ്.എ ചുമത്തപ്പെട്ടവര്‍. പി.എസ്.എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 941 ഹരജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 746 കേസുകളില്‍ ഹൈക്കോടതി പി.എസ്.എ റദ്ദാക്കി. കാര്യമൊന്നുമുണ്ടായില്ല. ഭൂരിഭാഗം കേസുകളിലും പൊലിസ് വീണ്ടും പി.എസ്.എ ചുമത്തി അകത്തു തന്നെയിട്ടു. അഫ്‌സ്പ മാത്രമല്ല കശ്മിരികളെ കൊല്ലാക്കൊല ചെയ്യുന്നത്. ആംനസ്റ്റി നിയമമില്ലാത്ത നിയമമെന്നു വിശേഷിപ്പിച്ച പി.എസ്.എ അഫ്‌സ്പ പോലെയോ അതിലേറെയോ കശ്മിരില്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. ദുരുപയോഗം തടയാന്‍ പല ശ്രമങ്ങളുണ്ടായി. ആളുകളെ മുന്‍കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സഹായിക്കുന്ന നിയമത്തിലെ എട്ടാംവകുപ്പ് എടുത്തുകളയണമെന്നു 2012 ജനുവരിയില്‍ ജമ്മുകശ്മിര്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാരിന്റെ കാലത്തു നിയോഗിക്കപ്പെട്ട മൂന്നംഗ മധ്യസ്ഥരും നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടിരുന്നു.
1983 ല്‍ ജെ.കെ.എല്‍.എഫ് നേതാവായിരുന്ന ശൗക്കത്ത് ബക്ഷിയെ 12 കൊല്ലം പി.എസ്.എ പ്രകാരം ജയിലിലിട്ടത് ശ്രീനഗറിലെ ക്രിക്കറ്റ് പിച്ചില്‍ കുഴിയുണ്ടാക്കിയെന്ന കുറ്റത്തിനാണ്. പി.എസ്.എ ചുമത്തിയ 80 ശതമാനം കേസുകളിലും കോടതി പി.എസ്.എ എടുത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ പൊലിസ് മറ്റൊന്നു ചുമത്തും. പൊലിസിന്റെ നടപടിയില്‍ കോടതി നിസ്സഹായമായിരിക്കാറാണു പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."